രാഹുൽ ഈശ്വറിന്റെ അറസ്റ്റ് നല്ലകാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇത്തരം ആളുകള്‍ സമൂഹത്തിന് ശാപമാണെന്നും സോഷ്യൽ മീഡിയയുടെ സല്‍പ്പേര് കളയുന്നത് ഇങ്ങനെയുള്ളവരാണെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.
പൊലീസ് ചെയ്തത് ശരിയായ നടപടിയാണെന്നും ഇത്തരം ആളുകള്‍ സമൂഹത്തിന് ശാപമാണെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തരം വൃത്തികെട്ട പ്രസ്താവനകളുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ സല്‍പ്പേര് കളയുന്നത് ഇങ്ങനെയുള്ളവരാണ്. ഇയാളെ അറസ്റ്റ് ചെയ്തത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും നടപടി നല്ലതാണെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തരക്കാരുമായി കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സൈബര്‍ ഇടത്തില്‍ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിലാണ് രാഹുല്‍ ഈശ്വറിനെ സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. ഫോണും ലാപ്ടോപ്പും ഹാജരാക്കാനും നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി യുവതി പരാതി നൽകിയിരുന്നു. സൈബർ കേസിൽ രാഹുൽ ഈശ്വറിന്റെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്തുവന്നിരുന്നു.