ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങകള്‍ ഞായറാഴ്ച വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ; പൊതുദര്‍ശനം എറണാകുളം ടൗണ്‍ഹാളില്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വസതിയില്‍. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകള്‍. കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്‌കാരമെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ ഇവിടെ മലയാളത്തിന്റെ പ്രീയ താരത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തും.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചിരുന്നു. മലയാളത്തിന്റെ പ്രിയ്യപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബഹുമുഖ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാ- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ടൗണ്‍ഹാളിലേക്ക് എത്തുകയാണ്. ശനിയാഴ്ച കൊച്ചിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിക്കാനെത്തും. നടന്‍ മമ്മൂട്ടി ശ്രീനിവാസനെ അവസാനമായി കാണാനായി കണ്ടനാട്ടെ വസതിയിലെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

സ്വകാര്യ ആശുപത്രിയിലേക്ക് ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളര്‍ച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉള്‍പ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മരണവിവരമറിഞ്ഞ മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍ പത്തുമണിയോടെ തൃപ്പൂണിത്തുറ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. സ്ഥലത്തില്ലാതിരുന്ന മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ കണ്ടനാട്ടെ വസതിയിലേക്കെത്തി.

ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്മരിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പില്‍ പറഞ്ഞു. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ല. സിനിമയില്‍ നിലനിന്നുപോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത്. താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസന്‍ പ്രയത്‌നിച്ചുവെന്നും പിണറായി വിജയന്‍ കുറിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസില്‍ എക്കാലവും മായാതെ നില്‍ക്കും. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നതും നര്‍മ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സില്‍ സ്ഥാനം ഉറപ്പിച്ചതും ഓര്‍മിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ സ്‌നേഹത്തിന്റെ സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചുവളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്‌നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ശ്രീനിവാസന്റെ സിനിമകളെ എല്ലാ ദിവസവും ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലും താന്‍ ശ്രീനിവാസന്റെ ‘സന്ദേശം’ എന്ന ചിത്രത്തിലെ സംഭാഷണങ്ങള്‍ പറഞ്ഞിരുന്നു. എറണാകുളത്ത് മടങ്ങി എത്തുമ്പോള്‍ ശ്രീനിവാസനെ നേരില്‍ കാണണമെന്ന് കരുതിയതാണെങ്കിലും അതിന് കാത്തു നില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

‘വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസന്‍. തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനാവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും.’ -പ്രതിപക്ഷ നേതാവ് പറഞ്ഞു.

Latest Stories

സഞ്ജു സാംസണ്‍ ടി-ട്വന്റി ലോകകപ്പ് ടീമില്‍; ഗില്‍ പുറത്ത്; ഇഷാന്‍ കിഷനും ലോകപ്പ് സ്‌ക്വാഡില്‍

'എന്റെ നല്ല സുഹൃത്ത് ഇനിയില്ല', മരണം ഞെട്ടിക്കുന്നത്; ശ്രീനിവാസനെ അനുസ്മരിച്ച് രജനികാന്ത്

യാത്ര പറയാതെ ശ്രീനി മടങ്ങി.. ദാസനെയും വിജയനെയും പോലെ ഞങ്ങൾ പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു; അനുസ്മരിച്ച് മോഹൻലാൽ

ശബരിമല സ്വര്‍ണക്കൊള്ള; പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ദ്ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി

'മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു, തീരാ നഷ്ട്ടമാണ്... ഈ വിടവ് ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ല'; അനുശോചിച്ച് മന്ത്രി കെബി ഗണേഷ് കുമാർ

'വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമ്മിക്കപ്പെടും, ആത്മാവിന് മുക്തി ലഭിക്കട്ടെ'; ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് ഗവർണർ

'ഒട്ടും പ്രതീക്ഷിക്കാത്ത വിയോഗം, ഉൾക്കൊള്ളാനാകുന്നില്ല... അവസാനം കണ്ടപ്പോൾ നല്ല ഉത്സാഹം ആയിരുന്നു'; ഉർവശി

നടൻ ശ്രീനിവാസൻ അന്തരിച്ചു

'സഞ്ജുവിനെ പുറത്തിരുത്തിയാണ് അവന്മാർ ആ ചെക്കന് അവസരങ്ങൾ കൊടുത്തുകൊണ്ടിരുന്നത്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'സഞ്ജുവിന്റെ അഴിഞ്ഞാട്ടം'; ഒറ്റ സിക്സറിൽ സ്വന്തമാക്കിയത് ചരിത്ര നേട്ടം