കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) നടപടികള്‍ക്ക് സ്റ്റേയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി വിശദീകരണം തേടി. ഈ മാസം 26ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്‌ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവയ്ക്കണം എന്നാണ് പാര്‍ട്ടികളുടെ ആവശ്യം.
സംസ്ഥാന സര്‍ക്കാര്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എന്നിവരുടെ ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ബഞ്ചാകും കേസ് പരിഗണിക്കുക. ബിഹാറില്‍ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. എസ്ഐആറിനെതിരെ ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഹര്‍ജികളും ഇന്ന് കോടതിയില്‍ എത്തിയിരുന്നു.
എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ മാത്രമേ നവംബര്‍ 26ന് കേള്‍ക്കുകയുള്ളൂവെന്ന് സുപ്രീം കോടതി അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഹര്‍ജികളുടെ അടിയന്തിര സ്വഭാവം മനസിലാക്കിയാണ് ഉടന്‍ വാദം കേള്‍ക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.