ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയാണ് എസ്‌ഐ ടി പ്രശാന്തിനെ ബന്ധപ്പെട്ടത്. ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു. നേരത്തെയും കേസുമായി ബന്ധപ്പെട്ട് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാത്രിവൈകി കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 12 പേരാണ് ഇതുവരെ അറസ്റ്റില്‍ ആയത്. കേസില്‍ പതിനൊന്നാം പ്രതിയാണ് കെ പി ശങ്കരദാസ്. ശങ്കരദാസിനെഅറസ്റ്റ്ചെയ്യാത്തതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശങ്കര്‍ദാസിനെ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം കോടതിയെ അറിയിച്ചു.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദ്വാരപാലക ശിൽപ്പപാളി കേസിലും അറസ്റ്റ് ചെയ്യും. നിലവില്‍ കട്ടിളപാളി കടത്തിയ കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന തന്ത്രിയെ ജയിലിലെത്തിയാവും എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തുക. നാളെ കസ്റ്റഡി അപേക്ഷ നൽകാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ത്യവസമായിരുന്നു ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എസ്‌ഐടി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത്.