ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. ദില്ലിയിൽ സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു.
അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. പാലർമെൻറ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു ഇതിൽ യുഡിഎഫ് കണ്‍വീനറുടെ വിശദീകരണം. സുരക്ഷ ക്രമീകരങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ എങ്ങനെ പോറ്റിക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ കോണ്‍ഗ്രസ് നേതാവായ അടൂർ പ്രകാശിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ഇത്തരം എല്ലാ കാര്യങ്ങളിലും ചോദ്യം ചെയ്യലിൽ വ്യക്ത വരുത്താനാണ് എസ്ഐടി നീക്കം.
പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി നൽകുന്ന മൊഴിയും കേസിൽ അതീവ നിർണായകമാണ്. പോറ്റിയിൽ നിന്നും ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അടൂർ പ്രകാശിലേക്ക് അന്വേഷണ സംഘമെത്തുക.