'ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം വിശ്വാസികള്‍ക്ക് സങ്കടമുണ്ടാക്കി'; ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടില്ല, ഭക്തര്‍ സമര്‍പ്പിക്കുന്നത് ഭദ്രമാണെന്ന് ഉറപ്പാക്കുമെന്ന് പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ചുമതലയേറ്റു. ശബരിമലയുടെ കാര്യത്തില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവമാണെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാമെന്ന പ്രതീക്ഷയുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ കെ. ജയകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ രാജുവും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. പി.ഡി.സന്തോഷ്‌കുമാര്‍ ആണ് ചുമതലയേറ്റ മൂന്നാമത്തെ അംഗം.

ഏറെ നിര്‍ണായകമായ സമയത്താണ് പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നതെന്നും, നിലവിലെ വിവാദങ്ങളുടെ പേരില്‍ ബോര്‍ഡിന്റെ വിശ്വാസ്യതയ്ക്കു ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

ഇപ്പോഴത്തെ വിവാദം വിശ്വാസികള്‍ക്കിടയില്‍ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ആ സാഹചര്യം അങ്ങനെ തന്നെ നിലനില്‍ക്കാന്‍ അനുവദിക്കില്ല. മോശമായ കാര്യങ്ങള്‍ അവിടെ നടക്കാന്‍ ഇടയായതിന് കാരണമായത് നടപടിക്രമങ്ങളിലെ പഴുതുകളാണ്. സമീപനങ്ങളിലെ ചില വൈകല്യങ്ങളുണ്ട്. അതെല്ലാം പരിശോധിച്ച് ആവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത തരത്തില്‍ നടപടി സ്വീകരിക്കും. ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണ് ദേവസ്വം ബോര്‍ഡ് എന്ന അഭിമാനമാണ് ഭക്തര്‍ക്കുണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കും. ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കും.

വിശ്വാസം വൃണപ്പെടാന്‍ തക്ക ഒരു നടപടിയും ഈ ഭരണസമിതി അനുവദിക്കില്ലെന്നും സ്ഥാനമേറ്റെടുക്കവെ കെ ജയകുമാര്‍ പറഞ്ഞു. കോടതി ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിന്റെ പരിധിയിലാണ് ശബരിമലവിഷയമെന്നും അതിനാല്‍ അതുസംബന്ധിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടിട്ടുണ്ടെന്ന കാര്യം വാസ്തവമാണെന്നും വളരെ സങ്കടകരമായിട്ടുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും അതിനെപ്പറ്റിയൊന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു.

ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണെന്ന് ഭക്തര്‍ക്ക് ഒരു വിശ്വാസമുണ്ട്. അത് തിരിച്ചുകൊണ്ടെത്തിക്കാന്‍ പ്രാപ്തമായ നടപടികളുണ്ടാകണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

അനഭിമതമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ദേവസ്വം ബോര്‍ഡില്‍ സാധ്യമല്ലെന്ന് ഈ സ്ഥാപനത്തെ നയിക്കുന്ന ഭരണസമിതി തീരുമാനിക്കുകയും കര്‍ക്കശമായ നടപടികളെടുക്കുകയും ചെയ്യുന്നെങ്കില്‍ ഒരു കുഴപ്പവും നടക്കില്ല. അവിടെയുള്ള കുഴപ്പങ്ങളെ കുറിച്ച് കുറേയൊക്കെ അറിയാം. അതാണ് എനിക്ക് പ്രവര്‍ത്തിക്കാനുള്ള ഇന്ധനം. ചാടിക്കയറി എന്തെങ്കിലും ചെയ്യുമെന്നല്ല. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ പ്രൗഢമായിട്ടുള്ള സുതാര്യത ഉണ്ടാകുമെന്നുള്ള അഭിമാന മുഹൂര്‍ത്തം ഞാന്‍ സ്വപ്നം കാണുകയാണ്. അത് ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകും.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്