ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ മൊഴി എടുക്കാനൊരുങ്ങി എസ്ഐടി. നടന് സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണം എന്നാണ് എസ്‌ഐടിയുടെ നിര്‍ദേശം. ശബരിമലയിലെ ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് പോയിരുന്നു. കേസില്‍ ജയറാം സാക്ഷിയാകുമെന്നും എസ്‌ഐടി അറിയിച്ചു.
ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വയ്ക്കുകയും ചെയ്തിരുന്നു.
ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. 2019ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളി തന്റെ വീട്ടിലെത്തിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ നിന്നുള്ള പരിചയമാണെന്നും തന്റെ കൈയില്‍ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ജയറാം പറഞ്ഞിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ശബരിമല സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറന്‍സിക് ഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ന്നുള്ള അറസ്റ്റുകളിലേക്ക് എസ്‌ഐടി നീങ്ങുക.