"ഒരു കോടി രൂപ കോഴ വാങ്ങിയ മന്ത്രിക്ക് അഞ്ചു കോടി രൂപയുടെ സര്‍ക്കാര്‍ വക സ്മാരകം": ഡോ.ആസാദ്

കെ.എം മാണി അഴിമതിക്കാരനാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബജറ്റ് തടസ്സപ്പെടുത്തി പ്രതിഷേധമുയര്‍ത്തിയതെന്നും സുപ്രീംകോടതിയില്‍ നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ഡോ.ആസാദ്. നഷ്ടപ്പെട്ടത് ജനങ്ങള്‍ക്കാണ്. പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. എല്ലായ്പ്പോഴും കൊള്ളയടിക്കപ്പെട്ടത്. പരാതിയും പ്രതിഷേധവും സമരവുമെല്ലാം വെറും കെട്ടുകാഴ്ച്ചകള്‍. ജനങ്ങളെ കബളിപ്പിക്കുന്ന കണ്‍കെട്ടുകള്‍. നിയമസഭ ആരും തല്ലിത്തകര്‍ത്തില്ല. സിംഹാസനമോ കമ്പ്യൂട്ടറോ മൈക്കോ എടുത്തെറിഞ്ഞില്ല. ക്യാമറകളും മാധ്യമങ്ങളും നുണ പറയുകയാണ്. സംശയമുണ്ടെങ്കില്‍ കെ എം മാണിയുടെ മകനോടു ചോദിക്കൂ എന്ന് ഡോ.ആസാദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ഒരു കോടി രൂപ കോഴ വാങ്ങിയ മന്ത്രിക്ക് അഞ്ചു കോടിരൂപയുടെ സര്‍ക്കാര്‍വക സ്മാരകം!. കോഴയ്ക്കെതിരെ നിയമസഭ പൊളിച്ചു പ്രതിഷേധിച്ചവര്‍ക്കു നിയമ സഹായം. മന്ത്രിപദവി!

രണ്ടു കൂട്ടര്‍ക്കും അന്വേഷണം നേരിടാതെ ജനങ്ങള്‍ക്കു മുന്നില്‍ ആദരണീയരായി തുടരണം. രണ്ടു കൂട്ടരും അന്യോന്യും കയ്യേറിയില്ല. വെറുത്തില്ല. കണ്ടുമുട്ടിയ നേരത്തെല്ലാം ആശ്ലേഷിച്ചു. അന്യോന്യം തലോടി. മുറിവുണക്കാന്‍ ഒപ്പം നിന്നു.

നഷ്ടപ്പെട്ടത് ജനങ്ങള്‍ക്കാണ്. പൊതു മുതലാണ് നശിപ്പിക്കപ്പെട്ടത്. എല്ലായ്പ്പോഴും കൊള്ളയടിക്കപ്പെട്ടത്. പരാതിയും പ്രതിഷേധവും സമരവുമെല്ലാം വെറും കെട്ടുകാഴ്ച്ചകള്‍. ജനങ്ങളെ കബളിപ്പിക്കുന്ന കണ്‍കെട്ടുകള്‍. നിയമസഭ ആരും തല്ലിത്തകര്‍ത്തില്ല. സിംഹാസനമോ കമ്പ്യൂട്ടറോ മൈക്കോ എടുത്തെറിഞ്ഞില്ല. ക്യാമറകളും മാധ്യമങ്ങളും നുണ പറയുകയാണ്. സംശയമുണ്ടെങ്കില്‍ കെ എം മാണിയുടെ മകനോടു ചോദിക്കൂ. അല്ലെങ്കില്‍ മാണിയുടെ പാര്‍ട്ടിയോട്.

അവര്‍ തീന്‍മേശയില്‍ ഒന്നിച്ചിരിപ്പാണ്. അവര്‍ക്കിടയില്‍ എന്തൊരു സമവായം! ഐക്യപ്പെടലിന്റെ ഉദാത്ത മാതൃക! ആര്‍ക്കുണ്ട് അസ്വാസ്ഥ്യം? മാണി കോഴ വാങ്ങിയാലെന്ത്? വാങ്ങിയില്ലെങ്കിലെന്ത്? അഴിമതിക്കാര്‍ക്കും അക്രമികള്‍ക്കും ഒരേ കാബിനറ്റോയെന്ന് ശങ്കിച്ചു നോക്കൂ. അപ്പോള്‍ കാണാം ഈ വിനീതരുടെ ശൗര്യം! അന്യോന്യം തുണയ്ക്കുന്ന ധര്‍മ്മനീതി!

ഏതാണ് കുറ്റം? ആരാണ് കുറ്റവാളി?

മാണിയുടെ മക്കള്‍ക്കും പാര്‍ട്ടിയ്ക്കും ബന്ധുക്കള്‍ക്കും അഞ്ചു കോടി മതി. അധികാരം മതി. മാണിക്കും അതൊക്കെ മതിയായിരുന്നു. ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ നേതൃമുഖവും അങ്ങനെത്തന്നെ. അധികാരമേ വേണ്ടൂ. അതിനു ചെയ്യുന്നതെന്തും ന്യായം. കൊടിസുനിമാരും ക്വട്ടേഷന്‍ അക്രമി വീരന്മാരും ഏതു കുപ്പായമിട്ടുമെത്തും. കേരള കാളിദാസനാര് എന്നു ചോദിക്കുന്ന ലാഘവത്തോടെ നിയമസഭയിലെ കൊടിസുനിയാര് എന്നു പരീക്ഷകളില്‍ ചോദ്യം വരാം. ആ പേരില്‍ പുരസ്കാരങ്ങളുണ്ടാവും. കാലശേഷം സ്മാരകമുയരും.

കോഴയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും പൊതുസമ്മതം നേടിക്കൊടുക്കുന്ന അധികാര വ്യവഹാരങ്ങളുടെ അശ്ലീല മുഖമാണ് നാം കാണുന്നത്. ഇന്നലെ സുപ്രീംകോടതിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് തുറന്നു കാണിച്ചത് അതാണ്. പക്ഷേ നാണമറിയാത്ത ന്യായവാദങ്ങള്‍ നിലയ്ക്കാനിടയില്ല. തിന്മകളുടെ സാമാന്യവത്ക്കരണമാണ് അവരുടെ ലക്ഷ്യം. അവര്‍ക്കൊപ്പം ഇരമ്പിയെത്താനാണല്ലോ കേരളത്തിന് യുവശക്തി! അതു ന്യായീകരിക്കാനാണല്ലോ ബുദ്ധിശക്തി!

അതുകൊണ്ട് നാമാരും ഇനി കോഴകള്‍ വേണ്ടെന്നു വെയ്ക്കില്ല. അതു കഴിവായി കണക്കാക്കും. ക്രിമിനലുകളെ വെറുക്കില്ല. അവരെ ആദരിക്കും. അവര്‍ക്കു ലൈക്കുകളുടെ കൂമ്പാരം നല്‍കും. നന്മയെന്നത്, ധര്‍മ്മമെന്നത്, നീതിയെന്നത് കഴിവുകെട്ടവരുടെ പാഴ് വാക്കെന്ന് പുതുതലമുറ പഠിച്ചു വെയ്ക്കും. അധികാരം അതിന്റെ ബോധത്തിലേക്ക് കേരളത്തെ പരുവപ്പെടുത്തുന്നു. അതിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നു.

അതിനാല്‍ നമ്മുടെ നേതാക്കള്‍ക്ക് സല്യൂട്ട് നല്‍കുവിന്‍. അവര്‍ ചെയ്യുന്നത് ധര്‍മ്മം! പറയുന്നത് നീതി! ഇതു പുതിയ കേരളം. ഈ നവകേരളം സൃഷ്ടിച്ച മഹാന്മാരുടെ പേരുകള്‍ കുട്ടികള്‍ പഠിക്കട്ടെ. അവരുടെ ജീവചരിത്രവും വാഴ്ത്തുപാട്ടുകളും വേഗമാവട്ടെ!

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി