തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കേരളത്തിലും നടപ്പിലാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ. നടപടിക്രമങ്ങൾ നാളെ മുതൽ തുടങ്ങും. ആദ്യഘട്ടത്തിലാണ് കേരളത്തിലും എസ്‌ഐആർ നടപ്പിലാക്കുക. കേരളം അടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ആദ്യഘട്ടത്തിൽ എസ്‌ഐആർ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കേരളം അടക്കം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന സൂചന കമ്മീഷൻ നേരത്തെ നല്കിയിരുന്നു. തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്ഐആർ അതുവരെ നീട്ടി വെക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണനയിലുണ്ടെന്നാണ് കമ്മീഷൻ കമ്മീഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചത്.
എന്നാൽ കേരളത്തിന്റെ ഈ ആവശ്യം തള്ളിയാണ് ഇപ്പോൾ പുതിയ അറിയിപ്പ് ഉണ്ടായിരിക്കുന്നത്. അതേസമയം ബീഹാറിൽ ആദ്യഘട്ട എസ് ഐ ആർ വിജയകരമായി പൂർത്തിയാക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ ചർച്ച പിന്നീട് നടത്തി. ഒരു അപ്പീൽ പോലും ബീഹാറിൽ ഉണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.