വ്യോമമിത്രയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് ആരൊക്കെ ?; ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയുമെന്ന് സൂചന; നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി മോദി യാത്രികരുടെ പേര് വെളിപ്പെടുത്തും

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗന്‍യാനില്‍ മലയാളിയും ഉണ്ടാവുമെന്ന് സൂചന. ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇത്രയുംകാലം രഹസ്യമാക്കിവച്ച ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ യാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെളിപ്പെടുത്തും. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയില്‍ പരിശീലനം തുടരുന്ന നാലു ബഹിരാകാശ യാത്രികരുടെ പേരുകളാണ് പ്രധാനമന്ത്രി പുറത്തുവിടുക.

നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ഇതിനുവേണ്ടിയുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാന്‍ കഴിയുമെന്നു തെളിയിക്കുകയാണു ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം. ഇതിന്റെ തുടര്‍ദൗത്യങ്ങളില്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു.

2025ല്‍ വിക്ഷേപിക്കാനിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. 3 ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 3 ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യം പരീക്ഷണ ദൗത്യങ്ങള്‍ക്ക് ശേഷമാണ് ടേക്ക് ഓഫ് ചെയ്യുക.

ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത ‘വ്യോമമിത്ര’യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ‘ജിഎക്‌സ്’ 2024 ജൂണിലാണ് ഉണ്ടാവുക. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ 3 ദിവസം സഞ്ചരിച്ച ശേഷം വ്യോമമിത്ര മടങ്ങിയെത്തും. തുടര്‍ന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗന്‍യാന്‍ ദൗത്യം ഐഎസ്ആര്‍ഒ നടപ്പാക്കുക.

ദൗത്യത്തിന് വേണ്ടി പരിശീലനം നേടിയവരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചന ശക്തമാകുന്നത് ബഹിരാകാശ യാത്രികരുടെ പേര് മോദി കേരളത്തില്‍ പ്രഖ്യാപിക്കുന്നത് കൊണ്ടുകൂടിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തുമ്പോഴാണ് പിഎം മോദി യാത്രികരുടെ പേര് കൂടി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

2019ല്‍ ബഹിരാകാശ ദൗത്യത്തിനായി നാല് വ്യോമസേന പൈലറ്റുമാരെ തിരഞ്ഞെടുത്ത് ഇന്ത്യ റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. ഇവര്‍ക്ക് പിന്നീട് ഐഎസ്ആര്‍ഒയും പരിശീലനം നല്‍കി. ഇത്തരത്തില്‍ പരിശീലനം നേടിയതില്‍ ഒരാള്‍ മലയാളിയാണെന്നും
വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായുള്ള ഉദ്യോഗസ്ഥാനാണെന്നുമാണ് വിവരം. മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള സമ്പൂര്‍ണ ഗഗന്‍യാന്‍ ദൗത്യത്തില്‍ ബഹിരാകാശത്തേക്ക് പോകുന്നവരില്‍ ഒരാള്‍ മലയാളിയാകാനുള്ള സാധ്യത നാളെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ അറിയാം. തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും പ്രഖ്യാപനമുണ്ടാവുക.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു