രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസില്‍ പരാതിക്കാരിയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ പരാതിയിലാണ് പൊലീസ് കേസ്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയില്‍ ഒരോ ജില്ലകളിലും കേസെടുക്കാനാണ് എഡിജിപി വെങ്കിടേഷിന്റെ നിര്‍ദേശം. സൈബര്‍ ആക്രമണത്തില്‍ അറസ്റ്റുണ്ടാകുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എഡിജിപി അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള യുവതിക്കെതിരായ സൈബര്‍ ആക്രമണത്തിലാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തേടി എസ്‌ഐടി സംഘം കോയമ്പത്തൂരിലടക്കം അന്വേഷണം വ്യാപിപ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് ഫ്‌ലാറ്റില്‍ വീണ്ടും എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തി. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. രാവിലെ ഫ്‌ലാറ്റില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തില്‍ അഞ്ചംഗ സംഘം ഫ്‌ലാറ്റിലെത്തുകയായിരുന്നു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. യുവതി നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. രാഹുലിന്റെ പഴ്‌സനല്‍ അസിസ്റ്റന്റുമാരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്.
പരാതിക്കാരി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്‌ലാറ്റില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം എന്നാല്‍ പൊലീസിനു ലഭിച്ചില്ല. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവികള്‍ പരിശോധിച്ചത്. എന്നാല്‍ സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാല്‍ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് വിവരം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്‌ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്‌ഐടി സംഘം പാലക്കാട് എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.