മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ വക്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സുബ്രഹ്മണ്യനെതിരായ പൊലീസ് കേസ് രാഷ്ട്രീയ പക പോക്കലാണെന്ന് വിമർശിച്ച ചെന്നിത്തല എന്തുകൊണ്ട് ബിജെപി നേതാവിനെതിരെ കേസെടുക്കുന്നില്ല എന്നും ചോദിച്ചു.
എത്രയോ ചിത്രങ്ങൾ ആരൊക്കെ പങ്കുവെക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമയുള്ളു. കടകംപള്ളിയെ കണ്ടത് ഓർമ ഇല്ലേ? എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്.