തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിന് നേരെ നടന്ന പൊലീസ് മർദ്ദനത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. പൊലീസിലെ ക്രിമിനലുകൾക്കെതിരെ പേരിന് നടപടികൾ സ്വീകരിച്ച് വെള്ളപൂശാൻ ശ്രമിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ വ്യക്തമായെന്നും പൊലീസ് കാട്ടാളത്തം നാടിനെ ഞെട്ടിക്കുന്നതാണെന്നും കത്തിൽ പറയുന്നു. ആഭ്യന്തരവകുപ്പിനും നടപടി തീരാ കളങ്കം വരുത്തിയെന്നും കത്തിൽ പരാമർശമുണ്ട്. ഇവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
പൊലീസിലെ ക്രിമിനലുകൾ ഒരുകാരണവശാലും സർവീസിൽ തുടരാൻ പാടില്ല. ഒപ്പം നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയും ഉറപ്പുവരുത്തണം.ഇവരെ സംരക്ഷിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും നടപടി ഉണ്ടാവണം. കേൾവി നഷ്ടപ്പെട്ട സുജിത്തിന് നഷ്ടപരിഹാരം നൽകാനും സർക്കാർ തയാറാവണമെന്നും വി എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം അതേസമയം കുന്നംകുളത്തെ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് പറഞ്ഞ വിഡി സതീശൻ പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.
തീവ്രവാദ ക്യാമ്പിൽ പോലും കാണാത്ത ക്രൂര പീഡനമാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ഡിഐജിയുടെ മറുപടിയിൽ തൃപ്തിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമായി ഡിഐജി പെരുമാറരുതെന്നും വി ഡി സതീശൻ പറഞ്ഞു. തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്തിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും മർദ്ദനമേറ്റത്.