ഇടുക്കി മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. വിദേശ വനിതകളുമായി കൊച്ചിയിലേക്ക് പോയ ടാക്സിയാണ് പ്രദേശത്തെ ഡ്രൈവർമാർ തടഞ്ഞത്. സംഭവം ഓൺലൈൻ ടാക്സി ഡ്രൈവർ മൂന്നാർ പൊലീസിനെ അറിയിച്ചു. ശേഷം സ്ഥലത്തിയ പൊലീസ് ഇടപെട്ടാണ് ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാനായത്.
ഏകദേശം അരമണിക്കൂറോളം വാഹനം തടഞ്ഞു. വിദേശ വനിതകളെ വാഹനത്തിൽ കയറ്റാൻ കഴിയില്ലെന്നും ഓൺലൈൻ ടാക്സി സർവീസ് നടത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വാഹനം തടഞ്ഞത്.
നേരത്തെ മൂന്നാർ കാണാനെത്തിയ മുംബൈ സ്വദേശിനിയായ യുവതിയെ തടഞ്ഞ് ഭീഷണിപ്പെടുത്തി അപമാനിച്ച സംഭവത്തിൽ ടാക്സി ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തിരുന്നു. ക്ടോബർ 30നാണ് കേസിനാസ്പദമായ സംഭവം. മുംബൈയിൽ അധ്യാപികയായ ജാൻവിക്കാണ് മൂന്നാറിൽവച്ച് ടാക്സി ഡ്രൈവർമാരിൽനിന്ന് മോശമായ അനുഭവം നേരിട്ടത്.
ഓൺലൈൻ ടാക്സിയിൽ മടങ്ങിപ്പോകാൻ ശ്രമിച്ച ഇവരെ ഒരുകൂട്ടം ടാക്സി ഡ്രൈവർമാർ തടയുകയും തങ്ങളുടെ ടാക്സിയിൽ പോകണമെന്നാവശ്യപ്പെടുകയുമായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചെങ്കിലും പൊലീസും ടാക്സി ഡ്രൈവർമാരോടൊപ്പം ചേർന്ന് മറ്റൊരു ടാക്സിയിൽതന്നെ കയറ്റിവിട്ടെന്നും ജാൻവി വീഡിയോയിൽ പറഞ്ഞിരുന്നു.
പിന്നീട് യാത്ര സുരക്ഷിതമല്ലെന്ന് കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു. ഇനി കേരളത്തിലേക്കില്ലെന്നും ഇവർ പറഞ്ഞിരുന്നു. സംഭവത്തിൽ മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോർജ് കുര്യൻ, എ.എസ്.ഐ സാജു പൗലോസ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.