വിവാദങ്ങൾക്കിടെ എൻഎസ്എസ് പൊതുയോഗം ഇന്ന് പെരുന്നയിലെ ആസ്ഥാനത്ത് ചേരും. രാവിലെ 11 മണിക്ക് പ്രതിനിധി സഭാ മന്ദിരത്തിലാണ് യോഗം ചേരുക. ആഗോള അയ്യപ്പസംഗമത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സ്വീകരിച്ച സർക്കാർ അനുകൂല നിലപാട് യോഗത്തിൽ ചർച്ചയായേക്കും. ശബരിമല വിഷയത്തിൽ എൻഎസ്എസ് എൽഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞിരുന്നു.
നായർ സർവ്വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇൻകം ആൻഡ് എക്‌സ്‌പെന്റീച്ചർ സ്റ്റേറ്റ്‌മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ഇന്ന് നടക്കും. സമദൂരം വെടിഞ്ഞ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ ജി സുകുമാരൻ നായർക്കെതിരെ വിമർശനം ശക്തമാണ്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോൺഗ്രസിനെ വിമർശിച്ച സുകുമാരൻ നായർ കോൺഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങൾ സംരക്ഷിക്കുമെന്നും എൻഎസ്എസിന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനൽകിയതെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.