കേരളാ കോൺഗ്രസ് (എം) മുന്നണി മാറ്റ ചർച്ചകളിൽ പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് പറഞ്ഞ അടൂർ പ്രകാശ് മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയാണെന്നും പ്രതികരിച്ചു. എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.
വരാൻ താൽപര്യമുള്ളവർ യുഡിഎഫിലേക്ക് വരും. ആരെയും നിർബന്ധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തിൽ വിസ്മയം നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ലെന്നും അടൂർ പ്രകാശ് വിശദീകരിച്ചു. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതുണ്ടോ എന്നത് എഐസിസി തീരുമാനിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുമ്പോഴും കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ മുന്നണി മാറ്റത്തിനുള്ള അണിയറ നീക്കം സജീവമാണ്. ജോസ് കെ മാണി എൽഡിഎഫ് വിട്ട് പോകില്ലെന്ന് സിപിഎമ്മിനും ഉറപ്പിക്കാൻ കഴിയുന്നില്ല. ഇടത് നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിൽ നിന്നുള്ള മന്ത്രിയായ റോഷി അഗസ്റ്റിനുമായി ആശയ വിനിമയം തുടരുകയാണ്. ജോസ് കെ മാണി യുഡിഎഫിലേക്ക് പോയാലും ഇടതിൽ ഉറച്ച് നിൽക്കാനാണ് റോഷിയുടെ തീരുമാനം.