തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്‍റ് എൻ ശക്തന് നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയാണ് തീരുമാനം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല എൻ ശക്തന് നൽകിയത്.
ജില്ലയിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് എൻ ശക്തൻ. നിലവിലെ പ്രശ്നങ്ങളിൽ നിന്ന് പാർട്ടിയെ രക്ഷിച്ചെടുക്കാൻ എൻ ശക്തന് കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്. പാലോട് രവി ഇന്നലെ രാജി വെച്ചെങ്കിലും പകരം ചുമതല ആര്‍ക്കും നൽകിയിരുന്നില്ല. ഇന്ന് രാവിലെയാണ് എൻ ശക്തന് ചുമതല നൽകിയതായി കെപിസിസി അധ്യക്ഷൻ വാര്‍ത്താക്കുറിപ്പിറക്കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിന് ആകെ തലവേദന സൃഷ്ടിച്ചിരുന്നു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കൽ അടക്കമുള്ളതിനാലാണ് പെട്ടെന്ന് എൻ ശക്തന് താൽക്കാലിക ചുമതല നൽകിയത്. പുതിയ ഡിസിസി അധ്യക്ഷനെ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. അതുവരെ എൻ ശക്തൻ തന്നെ താൽക്കാലി ചുമതലയിൽ തുടരും.