ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും പ്രചോദനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ‘ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരി എന്നാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ ആയി വരിക എന്ന് ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ സൊഹ്റാന്‍ മംദാനി ട്വിറ്ററില്‍ കുറിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവി ഗോവിന്ദന്റെ പ്രതികരണം. അന്ന് മുതല്‍ മംദാനി ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമം ആരംഭിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ പറഞ്ഞു.
‘ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരി എന്നാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ ആയി വരിക എന്ന് മംദാനി ട്വിറ്ററില്‍ പങ്കുവെച്ചത് തിരുവനന്തപുരം മേയറായി ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭത്തിലാണ്. ആവശേകരമായ ഒരു പശ്ചാത്തലമാണ് അതുണ്ടാക്കിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതി. ഒരു ചെറുപ്പക്കാരി തിരുവനന്തപുരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അദ്ദേഹം അഭിവാദ്യം ചെയ്തു. ഇനി എന്നാണ് ഇങ്ങനെയൊരാള്‍ ന്യൂയോര്‍ക്കിന്റെ മേയറാവുക എന്ന് അദ്ദേഹം എഴുതി. ആര്യാ രാജേന്ദ്രനെന്ന അന്നത്തെ 21-കാരിയെ ശ്ലാഘിച്ചുകൊണ്ട് ആവേശകരമായ ചിത്രം തനിക്ക് തന്നെ സൃഷ്ടിക്കാനാകുമെന്ന ശ്രമം ആരംഭിച്ചുവെന്നുവേണം ട്വിറ്ററിലെ മംദാനിയുടെ പ്രയോഗത്തിലൂടെ മനസ്സിലാക്കാന്‍.
ഒരു ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ടെന്നും ജെഎന്‍യു സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പ് വിജയമെല്ലാം ഇതാണ് സൂചിപ്പിക്കുന്നതെന്ന് കൂടിയും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ജെഎന്‍യുവില്‍ ഇടതുപക്ഷം തൂത്തുവാരി. തീവ്ര വലതുപക്ഷത്തിനെതിരെ ഒരു ഇടതുപക്ഷ ആഭിമുഖ്യം ലോകത്ത് ഉയര്‍ന്നുവരുന്നതിന്റെ ഉദാഹരണമാണ് ഇതെല്ലാം. ബിഹാറിലെ തിരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ ഈ പ്രവണത കൂടുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഒരു ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ട്. ട്രംപിനെ പോലുള്ളവര്‍ എന്തെല്ലാം ശ്രമം നടത്തിയാലും ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ സോഷ്യലിസത്തിന്റെയും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടിക്കൂടി വരുന്നു എന്ന് മനസ്സിലാക്കാമെന്നും എവി ഗോവിന്ദന്‍ പറഞ്ഞു.