ഭാരതാംബയുടെ ചിത്രം വെച്ചതിനു രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ച മന്ത്രി പ്രസാദിന്റെ നിലപാട് രാജ്യദ്രോഹപരമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭാരതാംബ എന്നത് ഓരോ ഭാരതീയന്റെയും രാഷ്ട്രഭക്തിയുടെ ഉദാത്തമായ സങ്കല്പമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഭാരതാംബ എന്ന സങ്കല്പത്തെ മുന്‍ നിര്‍ത്തിയാണ് അരവിന്ദനും ഭാഗത് സിങ്ങും ഗാന്ധിയും ഉള്‍പ്പെടെയുള്ള വീരപുരുഷന്മാര്‍ പ്രവര്‍ത്തിച്ചത്.
വിവേകാനന്ദന്‍ ഭാരതാംബയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് യുവാക്കളോട് ആഹ്വാനം ചെയ്തത്. ഭാരത് മാതാകി ജയ്, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സ്വാതന്ത്ര്യസമരത്തില്‍ മുഴങ്ങിയത്. ആ സങ്കല്പത്തെ കമ്മ്യൂണിസ്റ്റുകാര്‍ ആദരിക്കണമെന്ന് ആരും പറയില്ല. പക്ഷെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയായ പി.പ്രസാദ് ദേശീയ ബിംബങ്ങളെ ആദരിക്കണം.
ആര്‍എസ്എസ്സിന്റെ ഭാരതാംബയെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്ന മന്ത്രിയുടെ വാദം ബാലിശമാണ്. ആര്‍എസ്എസ്സിന് പ്രത്യേക ഭാരതാംബ ഇല്ല. രാജ്ഭവനില്‍ ഭാരതാംബയുടേതല്ലാതെ ഹമാസ് നേതാക്കളുടെ ഫോട്ടോ വെക്കണമെന്നാണോ മന്ത്രി പറയുന്നത്. നാല് വോട്ടിനു വേണ്ടി ദേശീയതയെ അപമാനിക്കുന്ന സമീപനം ഇടതു സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു