തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിതുരയിലാണ് സംഭവം. കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
രാവിലെ ആറുമണിയോടെ ജോലിക്ക് പോകുന്നതിനിടെയാണ് ശിവദാസിനെ കരടി ആക്രമിച്ചത്. കരടിയിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ സമീപത്തെ മരത്തിൽ കയറിയെങ്കിലും, കരടിയും കൂടെ കയറി. മരത്തിൽ നിന്ന് താഴേക്ക് തള്ളിയതിന് ശേഷം ആക്രമണം തുടരുകയായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ശിവദാസിനെ രക്ഷിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശിവദാസിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുറിവ് ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
. പ്രദേശത്ത് വന്യമൃഗശല്യമുണ്ടെങ്കിലും ഇതാദ്യമായാണ് കരടി ആക്രമണം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.ഏതായാലും വന്യജീവികളുടെ കാടിറങ്ങൾ മനുഷ്യരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യം വന്നതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.