നിലമ്പൂര്‍ മുന്‍ എംഎല്‍എയും കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറിനെ ഒപ്പം നിറുത്താന്‍ യുഡിഎഫില്‍ തീരുമാനം. ഇന്ന് കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് അന്‍വറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. എന്നാല്‍ നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തുടരുന്ന അന്‍വറിന്റെ രാഷട്രീയം യുഡിഎഫ് യോഗത്തിലും ചര്‍ച്ചയായി.
പിവി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറല്ല. അന്‍വറിനെ ഏത് തരത്തില്‍ സഹകരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് തീരുമാനിക്കാമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. യുഡിഎഫ് മുന്നണി പ്രവേശനം ആഗ്രഹിച്ചിരുന്ന അന്‍വര്‍ യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനത്തോട് പ്രതികരിച്ചിട്ടില്ല.
പിവി അന്‍വര്‍ നാളെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം വിളിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്‍വര്‍ വലിയ ഇടപെടല്‍ നടത്തിയിരുന്നു. വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം.
ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പിവി അന്‍വര്‍ കടുത്ത എതിര്‍പ്പും ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തനിക്ക് മുന്നണി പ്രവേശനം അല്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ സ്ഥാനാര്‍ത്ഥി എന്നതായിരുന്നു അന്‍വറിന്റെ നിലപാട്.