മോദിയും അമിത്ഷായും ബംഗ്ലാദേശിനെ കണ്ട് പഠിക്കണം: കെ.ടി ജലീല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ബംഗ്ലാദേശിനെ കണ്ട് പഠിക്കേണ്ടതുണ്ടെന്ന് കെടി ജലീല്‍. ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയോ പരസ്പര വിദ്വേഷമോ ബംഗ്ലാദേശില്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്.

മോദിയും അമിത്ഷായും ബംഗ്ലാദേശിനെ കണ്ട് പഠിക്കണം.

ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയോ പരസ്പര വിദ്വേഷമോ ബംഗ്ലാദേശില്‍ ഇല്ല. ഇരുപത് വര്‍ഷമായി ഡാക്കയിലുള്ള അഭിലാഷ് കരിച്ചേരിയും സെബാസ്റ്റ്യന്‍ നെല്ലിശേരിയും അതിന് അടിവരയിട്ടു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടും മതത്തിന്റെ പേരില്‍ തങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇരുവരും ഡാക്ക മലയാളി അസോസിയേഷന്റെ ഭാരവാഹികളാണ്.
ബംഗ്ലാദേശിലെ ദേശീയ ക്ഷേത്രമായ ഡാക്കേശ്വരി മന്ദിറും ദേശീയ മസ്ജിദായ ബൈതുല്‍ മുഖറമും സന്ദര്‍ശിച്ചു. ഡാക്കയുടെ ദേവതയാണ് ഡാക്കേശ്വരി. ദേശീയ ക്ഷേത്രം കേന്ദ്രീകരിച്ച് നടക്കുന്ന ദുര്‍ഗ്ഗാപൂജ ബംഗ്ലാ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് കൊണ്ടാടപ്പെടുന്നത്. ആവശ്യമായി വരുന്ന പണം മുഴുവന്‍ സര്‍ക്കാര്‍ നല്‍കുന്നു. മന്ദിറില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ശമ്പളം കൊടുക്കുന്നതും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. ക്ഷേത്ര ഭാരവാഹികളാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ സേനാ രാജവംശത്തിലെ ബല്ലാത്സനാണ് പ്രസിദ്ധമായ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പൂജയോടനുബന്ധിച്ച് പത്ത് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കേരളത്തിലെ ക്രിസ്മസ് അവധി പോലെ. പൂജാദിനം ദേശീയ അവധിയും. ഷെയ്ക്ക് ഹസീനയുടെ മന്ത്രിസഭയിലെ ക്യാബിനറ്റ് റാങ്കുള്ള ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ബംഗ്ലാ ന്യൂനപക്ഷമായ ഹൈന്ദവ സമുദായത്തിലെ സധന്‍ചന്ദ്ര മജുംദാര്‍. സ്വപന്‍ ബട്ടാചാര്‍ജി തദ്ദേശ വകുപ്പിന്റെ സഹമന്ത്രിയായും പ്രവര്‍ത്തിക്കുന്നു. ബുദ്ധമതക്കാരനായ ബിര്‍ ബഹദൂര്‍ ഉഷ്യേ സിംഗ് മലയോര വികസന വകുപ്പ് സഹ മന്ത്രിയായും മന്ത്രിസഭയിലുണ്ട്. മുജീബിന്റെ നാട്ടില്‍ മൊത്തം ജനസംഖ്യയുടെ 10% ഹിന്ദുമത വിശ്വാസികളാണ് (ഏകദേശം ഒന്നരക്കോടി). 88% മുസ്ലിങ്ങളാണ്. ക്രൈസ്തവരും ബുദ്ധമതക്കാരും കൂടി 2%. ഷേയ്ക്ക് ഹസീനയും അവരുടെ സര്‍ക്കാരും എല്ലാ മതവിഭാഗക്കാരെയും ഉള്‍കൊള്ളാനാണ് ശ്രമിക്കുന്നത്. അകറ്റി നിര്‍ത്താനല്ല.

ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 20 കോടിയിലധികം വരും. മൊത്തം ജനസംഖ്യയുടെ പതിനഞ്ച് ശതമാനം. ദൗര്‍ഭാഗ്യവശാല്‍ അവരെ പ്രതിനിധീകരിച്ച് ഒരു എം.പിയോ മന്ത്രിയോ ബി.ജെ.പി സര്‍ക്കാരിലില്ല. സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ആദ്യ അനുഭവം. നേരത്തെ ഉണ്ടായിരുന്ന മന്ത്രിക്ക് ന്യൂനപക്ഷ ക്ഷേമവും ഹജ്ജും വഖഫും മാത്രമാണ് നല്‍കിയത്. മുക്താര്‍ നഖ് വിയുടെ രാജ്യസഭാ കാലാവധി തീര്‍ന്നപ്പോള്‍ മറ്റൊരാളെ ബി.ജെ.പി രാജ്യസഭയില്‍ എത്തിച്ചില്ല. അതോടെ നാമമാത്ര മുസ്ലിം പ്രാതിനിധ്യവും ഇല്ലാതായി. ഒരു പൊതു വകുപ്പ് ഒന്നാം മോദി സര്‍ക്കാരിലും രണ്ടാം മോദി സര്‍ക്കാരിലും പ്രബല ന്യൂനപക്ഷ വിഭാഗത്തിലെ ഒരാള്‍ക്ക് കൊടുക്കാന്‍ ഭരണക്കാര്‍ സന്‍മനസ്സ് കാണിച്ചില്ല. ഒരു ജനവിഭാഗത്തെ അധികാരികള്‍ അവിശ്വാസിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ഇതിടയാക്കിയാല്‍ അല്‍ഭുതപ്പെടാനില്ല. അധികാര പങ്കാളിത്തം ജനാധിപത്യത്തില്‍ മര്‍മ്മ പ്രധാനമാണ്. അത് ആര്‍ക്കെങ്കിലും നിഷേധിക്കുന്നതിനെക്കാള്‍ വലിയ അന്യായം മറ്റൊന്നില്ല.

ഗംഗ ഹിമാലയത്തില്‍ നിന്നൊഴുകിത്തുടങ്ങി ബംഗ്ലാദേശിലെത്തുമ്പോള്‍ പത്മയായി മാറുന്നു. പശ്ചിമ ബംഗാളില്‍ നിന്നാരംഭിക്കുന്ന ടീസ്ത നദി ബംഗ്ലാദേശിന്റെ മാറിടം തഴുകിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്. ബ്രഹ്‌മപുത്ര കുടിനീര്‍ ചുരത്തി കടന്ന് പോകുന്നതും ബംഗ്ലാ മണ്ണിലൂടെയാണ്. 6.8 കിലോമീറ്റര്‍ ദൂരത്തില്‍ പത്മ നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ബ്രിഡ്ജ് പത്മ പാലം എന്നാണ് അറിയപ്പെടുന്നത്. അതിന് ‘പാത്തുമ്മ’ പാലം എന്ന് നാമകരണം ചെയ്ത് വികൃതമാക്കിയാലത്തെ സ്ഥിതി എന്താകും? പഴമയും പാരമ്പര്യവും നില നിര്‍ത്താന്‍ ബംഗ്ലാ ദേശക്കാര്‍ ബദ്ധശ്രദ്ധരാണ്. അവര്‍ നാരായണ്‍ ഗഞ്ചിന്റെ പേരുമാറ്റാന്‍ തുനിഞ്ഞിട്ടേയില്ല. ഗോപാല്‍ ഗഞ്ച് ഇന്നും അതേ പേരില്‍ തുടരുന്നു. ഷിദ്ദിത് ഗഞ്ചും തഥൈവ.

എന്നാല്‍ നമ്മുടെ രാജ്യത്തെ സ്ഥിതിയോ? മുഗള്‍ ഓര്‍മ്മകളെ മായ്ച്ചു കളയാന്‍ അലഹബാദിനെ പ്രയാഗ് രാജാക്കിയതും ഫൈസാബാദിനെ അയോദ്ധ്യയാക്കിയതും മുഗള്‍സറായ് റെയില്‍വെ സ്റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാദ്ധ്യായ റെയില്‍വെ സ്റ്റേഷനെന്നാക്കി മാറ്റിയതും സമീപകാലത്താണല്ലോ. തുടര്‍ഭരണം കിട്ടിയ യോഗി ആദിത്യനാഥ് സ്ഥലനാമങ്ങള്‍ വക്രീകരിക്കാന്‍ ഒരു വലിയ പട്ടിക തന്നെ തയ്യാറാക്കിയതായാണ് വാര്‍ത്തകള്‍. അധികം വൈകാതെ സുല്‍ത്താന്‍പൂര്‍ ഖുഷ്ഭവന്‍പൂരും, മിര്‍സാപ്പൂര്‍ വിന്‍ദ്യാധമും, അലിഗര്‍ ഹരിഗറും, ആഗ്ര അഗര്‍വനും, മൈന്‍പുരി മയാന്‍ നഗറും, മുസഫര്‍ നഗര്‍ ലക്ഷ്മി നഗറും, ഫിറോസാബാദ് ചന്ദ്രനഗറുമൊക്കെയായി കോലം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിക്കുമെന്ന് കണ്ടറിയണം.
ഡാക്കാ യൂണിവേഴ്‌സിറ്റിയില്‍ തകര്‍ക്കപ്പെടാതെ ഉയര്‍ന്ന് നില്‍ക്കുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയും ക്യാമ്പസിനകത്തെ ക്ഷേത്രവും സര്‍വകലാശാലക്കകത്തെ ആര്‍.സി മജുംദാര്‍ ഹാളും ആ നാടിന്റെ മതനിരപേക്ഷതയുടെ പ്രതീകങ്ങളാണ്. ഇന്ത്യയുടെ എക്കാലത്തെയും മഹാനായ കവി രവീന്ദ്രനാഥ ടാഗോറിന്റെ ‘അമാര്‍ ശ്വനാര്‍ ബംഗ്ലാ’ (സ്വര്‍ണ്ണത്തിളക്കമുള്ള ബംഗ്ലാ) എന്ന് തുടങ്ങുന്ന വരികളാണ് ബംഗ്ലാദേശ് അവരുടെ ദേശീയ ഗാനമായി നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്നത്. യു.പി ഉള്‍പ്പടെയുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണാധികാരികള്‍ ചെയ്യുന്ന ചരിത്ര വൈകൃതങ്ങളും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മുസ്ലിം വിരുദ്ധ നീക്കങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.
(ഡാക്കാ യാത്രാ കുറിപ്പില്‍ നിന്ന്)

Latest Stories

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം