കെ.എസ്.യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഭരണത്തിന്റെ തണലില്‍ സംസ്ഥാനത്തൊട്ടാകെ അഴിഞ്ഞാടുന്ന ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്താന്‍ സിപിഎം തയ്യാറാകാത്ത പക്ഷം പ്രവര്‍ത്തകര്‍ക്ക് പ്രസ്ഥാനം തന്നെ പ്രതിരോധം തീര്‍ക്കുമെന്നും അദേഹം വ്യക്തമാക്കി.
പിണറായി വിജയന്റെ എട്ടുകൊല്ലത്തെ ഭരണത്തില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രൂരമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സഹികെട്ട് പ്രവര്‍ത്തകര്‍ ഒന്നു പ്രതിരോധിച്ചാല്‍ അത് താങ്ങാനുള്ള കരുത്ത് എസ് എഫ് ഐ ക്രിമിനലുകള്‍ക്ക് ഇല്ല എന്നത് കേരളം കണ്ടതാണ്.
അക്രമമല്ല ഞങ്ങളുടെ ആശയവും നയവും നിലപാടും. ജനാധിപത്യ രീതിയില്‍ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐയുടെ ഗുണ്ടാക്കൂട്ടത്തിനെ മാറ്റിയെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട്. മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ ക്വട്ടേഷന്‍ ക്രിമിനലുകള്‍ അതിക്രൂരമായാണ് ബിതുലിനെ ആക്രമിച്ചത്.
അതേസമയം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ 3 കെഎസ്‌യു നേതാക്കളെ റിമാന്‍ഡ് ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, സ്റ്റേറ്റ് ട്രഷറര്‍ സച്ചിന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് മെമ്പര്‍ സുദേവ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട കണ്ടാല്‍ അറിയുന്ന പത്ത് പേര്‍ക്കെതിരെ കേസെടുത്തതായാണ് വിവരം. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.