കൊച്ചി മെട്രോയില്‍ ചരക്ക് ഗതാഗതം ആരംഭിക്കാന്‍ കെഎംആര്‍എല്‍. യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാനാണ് പദ്ധതി. ലഘു വിഭാഗത്തില്‍ വരുന്ന ചരക്ക് ഗതാഗതമായിരിക്കും നടത്തുക. നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കും പ്രയോജനകരമാണ് പദ്ധതി.
മെട്രോ റെയിലിലൂടെയുള്ള ചരക്ക് ഗതാഗതത്തെ അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലിച്ച് നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് പുതിയ നീക്കം. നഗരത്തിലെ ലോജിസ്റ്റിക്‌സ് സംവിധാനം നിലവില്‍ പ്രധാനമായും ആശ്രയിക്കുന്നത് റോഡ് ഗതാഗതത്തെയാണ്. മലിനീകരണമുണ്ടാക്കുന്ന റോഡ് ചരക്ക് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും പദ്ധതി സഹായകമാകും.
താരതമേന്യ തിരക്ക് കുറഞ്ഞ യാത്രാ സമയങ്ങളിലായിരിക്കും ചരക്ക് നീക്കം നടത്തുക. അതായത് അതിരാവിലേയും രാത്രി വൈകിയുള്ള സമയങ്ങളിലുമായിരിക്കും ഈ സംവിധാനം ഉപയോഗിക്കുക. പഠനം നടത്തി നിരക്ക് നിശ്ചയിക്കുന്നതാണ്. ഉടന്‍ തന്നെ നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തയ്യാറാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. അനുവദനീയമായ ചരക്ക് വസ്തുക്കള്‍, അളവുകള്‍, ഭാരം, സ്വീകാര്യമായ കൈമാറ്റ സമയം തുടങ്ങിയ ഘടകങ്ങള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തും.