കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള 10,081 നാമനിര്‍ദേശപത്രികകള്‍ അംഗീകരിച്ചു. ഇതില്‍ 5,294 വനിതാ സ്ഥാനാര്‍ഥികളും 4,787 പുരുഷ സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 98 പത്രികകള്‍ തള്ളി. വനിതാ സംവരണ ഡിവിഷനില്‍ പത്രിക നല്‍കിയ പുരുഷ സ്ഥാനാര്‍ഥിയുടെയും ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രികകള്‍ അടക്കം തള്ളി. പേരാവൂരില്‍ സിറ്റിങ് വാര്‍ഡില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ഇല്ലാതായി
മലപ്പട്ടം പഞ്ചായത്തില്‍ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെയും നാലാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുടെയും നാമനിര്‍ദേശപത്രികകള്‍ തള്ളി. 12-ാം വാര്‍ഡായ കൊവുന്തലയില്‍ സിപിഎം സ്ഥാനാര്‍ഥി എം.വി ഷിഗനയ്ക്ക് എതിരില്ലാതെ ജയം ഉറപ്പിക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പി. നിത്യശ്രീയുടെ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യത്യാസമുണ്ടെന്ന എല്‍ഡിഎഫ് ആരോപണം ശരിവച്ചാണ് പത്രിക തള്ളിയത്.
എന്നാല്‍ വരണാധികാരിയ്ക് മുന്നില്‍ നേരിട്ടെത്തി താനിട്ട ഒപ്പ് തന്റേത് തന്നെയാണെന്ന് ബോധ്യപ്പെട്ടിട്ടും സിപിഎം ഭീഷണിയ്ക്ക് വഴങ്ങിയാണ് പത്രിക തള്ളിയത് എന്നാണ് നിത്യശ്രീയുടെ ആരോപണം. ഒമ്പതാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിയായ അഹമ്മദ് കുട്ടിയെ നിര്‍ദേശിച്ച നസീബയെയും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
മലപ്പട്ടത്തെ നാലാം വാര്‍ഡായ കരിമ്പിലിലെ ബിജെപി സ്ഥാനാര്‍ഥി പി.പി ഷൈനുവിന്റെ പത്രികയും തള്ളി. സാക്ഷ്യപ്പെടുത്തിയ വോട്ടര്‍പ്പട്ടിക സമര്‍പ്പിച്ചില്ലെന്ന കാരണത്താലാണ് തള്ളിയത്. എതിരാളികള്‍ ഇല്ലാത്തതിനാല്‍ മലപ്പട്ടത്ത് സിപിഎം നേരത്തെ രണ്ട് വാര്‍ഡുകളില്‍ വിജയം ഉറപ്പിച്ചിരുന്നു.
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനില്‍ പുരുഷ സ്ഥാനാര്‍ഥി നല്‍കിയ പത്രികയും തള്ളി. കോളയാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി കെ. അനീഷ് നല്‍കിയ പത്രികയാണ് വരണാധികാരി എ.കെ ജയശ്രീ തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി.
ഇതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാതെയായി. പേരാവൂര്‍ പഞ്ചായത്തിലെ തെറ്റുവഴി വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.ജെ ജോസഫിന്റെയും പത്രിക തള്ളി. നാമനിര്‍ദേശം ചെയ്ത വ്യക്തി വാര്‍ഡിലെ വോട്ടര്‍ അല്ലാത്തതിനാലാണ് പത്രിക തള്ളിയത്.
ഡമ്മിയായി പത്രിക നല്‍കിയ തേങ്കുടി റീനയുടെ പത്രികയും തള്ളി. റീനയുടെ നാമനിര്‍ദേശകനും വാര്‍ഡിലെ വോട്ടര്‍ ആയിരുന്നില്ല. ഇതോടെ സിറ്റിങ് വാര്‍ഡില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ഇല്ലാതായി. ചെറുകുന്ന് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളി. 11-ാം വാര്‍ഡ് മുണ്ടപ്രത്തെ കെ.കൃഷ്ണന്റെ പത്രികയാണ് തള്ളിയത്. കൃഷ്ണന്റെ പേരില്‍ കേസ് ഉള്ളതിനാലാണ് പത്രിക തള്ളിയത്.