കൊല്ലം കടക്കലിൽ സിപിഐയിൽ കൂട്ടരാജി. വിവിധ സ്ഥാനങ്ങളിലുള്ള 112 പേർ രാജിവെച്ചു. 700 പ്രവർത്തകരും രാജിവെച്ചെന്ന് നേതാക്കൾ അറിയിച്ചു. ഉൾപാർട്ടി പ്രശനങ്ങളാണ് രാജിക്ക് പിന്നിലെ കാരണമെന്നും നേതാക്കൾ അറിയിച്ചു.
മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് രാജിവെച്ചത്. വാർത്താ സമ്മേളനം വിളിച്ചാണ് ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രാജി പ്രഖ്യാപിച്ചത്.
700 ൽ അധികം പാർട്ടി അംഗങ്ങളും രാജിവെച്ചെന്ന് നേതാക്കൾ അവകാശപ്പെട്ടു. ഉൾപാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്നും വ്യക്തമാക്കി. അതേസമയം അഴിമതി നടത്തി സംഘടനാ നടപടി നേരിട്ടയാൾ അടക്കമാണ് രാജിവെച്ചതെന്ന് സിപിഐ ജില്ലാ നേതൃത്വം പറഞ്ഞു. 700 പ്രവർത്തകർ പാർട്ടി വിട്ടെന്നത് അടിസ്ഥാന രഹിതമായ വാദമെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം.