തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് ആനന്ദിന്റെ ശബ്ദ സന്ദേശം പുറത്ത്. സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. സംഘടനക്ക് വേണ്ടി എല്ലാം നൽകിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നു.
പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്. അതേസമയം, ആനന്ദിന്റെ ആത്മഹത്യയിൽ പൊലീസ് കേസെടുത്തു. ആനന്ദിന്റെ പോസ്റ്റ്മോര്‍ട്ടം ഉടൻ നടക്കും. തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ഇന്നലെ ജീവനൊടുക്കിയത്. സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിൽ മനംനൊന്താണ് ആനന്ദ് ജീവനൊടുക്കിയത്.
മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും ഭൗതിക ശരീരം കാണാൻ പോലും അനുവദിക്കരുത്. എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുമ്പുവരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്ന് കുറിപ്പിൽ പറയുന്നു.