ബസിന്റെ മുന്‍വശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനു ഡ്രൈവറെ സ്ഥലം മാറ്റിയ സംഭവത്തില്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനും കെഎസ്ആര്‍ടിസിക്കും ഹൈക്കോടതിയില്‍ തിരിച്ചടി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ച് കെഎസ്ആര്‍ടിസി അമിതാധികാര പ്രയോഗമാണ് നടത്തിയതെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്.
ശിക്ഷാ നടപടിയായിട്ടാണ് സ്ഥലംമാറ്റമെന്നാണ് വ്യക്തമാകുന്നതെന്നും അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജയ്‌മോനെ പൊന്‍കുന്നം ഡിപ്പോയില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും കെഎസ്ആര്‍ടിസിയോട് ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍ദേശിച്ചു. അച്ചടക്ക വിഷയം വന്നാല്‍ എപ്പോഴും സ്ഥലംമാറ്റം ആണോ പരിഹാരമെന്ന് വാദത്തിനിടെ ഹൈക്കോടതി കെഎസ്ആര്‍ടിസിയോട്് ചോദിച്ചിരുന്നു. ഡ്രൈവറുടെ സ്ഥലം മാറ്റത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്ന് കെഎസ്ആര്‍ടിസി സമ്മതിക്കുകയും ചെയ്തതോടെയാണ് അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍ടിസിയുടെ നടപടിയെന്ന് കോടതി ചൂണ്ടിക്കാട്ടിയതും വിമര്‍ശിച്ചതും.
ഒരു വ്യക്തിയുടെ സേവനം മറ്റൊരിടത്താണ് ആവശ്യമായി വരുന്നതെങ്കില്‍ സ്ഥലം മാറ്റമാവാമെന്നും അച്ചടക്ക നടപടി നേരിടുന്ന ആള്‍ അതേ സ്ഥലത്തു തന്നെ തുടരുന്നത് ബുദ്ധിമുട്ടാണെങ്കിലും സ്ഥലംമാറ്റമാകാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒപ്പം സ്ഥാപനത്തിനോ പൊതുസമൂഹത്തിന് മൊത്തത്തിലോ ഗുണമുള്ള കാര്യമാണെങ്കിലും സ്ഥലം മാറ്റം നീതീകരിക്കപ്പെടാമെന്നും എന്നാല്‍ ഇവിടെ ഈ കാരണങ്ങളൊന്നും ബാധകമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭരണപരമായ സൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്ന് പറഞ്ഞ കെഎസ്ആര്‍ടിസി സ്ഥലംമാറ്റ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്ഥലം മാറ്റ ഉത്തരവില്‍ എന്തെങ്കിലും അച്ചടക്ക നടപടികളെക്കുറിച്ച് പറയുന്നില്ല. പൊന്‍കുന്നത്തു നിന്ന് പുതുക്കാട്ടേക്ക് ഡ്രൈവറെ സ്ഥലം മാറ്റിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ മുന്‍ഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം വച്ചിരുന്നതിന്റെ പേരിലാണ് മരങ്ങാട്ടുപിള്ളി സ്വദേശി ജയ്‌മോനെ പാലാ പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് ജയ്‌മോന്‍ ഹൈക്കോടതിയെ സമീപിച്ചത്.ബസിന്റെ മുന്‍വശത്ത് വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിനാണ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡ്രൈവറെ സ്ഥലം മാറ്റിയത്. പൊന്‍കുന്നത്തു നിന്ന് തിരുവനന്തപുരം വരെ തുടര്‍ച്ചയായി ഡ്രൈവ് ചെയ്യേണ്ട സാഹചര്യത്തിലാണ് ശുദ്ധജലം വാഹനത്തിന്റെ മുന്‍പില്‍ സൂക്ഷിച്ചതെന്ന് കോടതിയില്‍ ഡ്രൈവര്‍ ജയ്‌മോന്റെ വാദിച്ചു. വാഹനം തടഞ്ഞു നിര്‍ത്തി മന്ത്രി ഇടപെട്ടതിനാലാണ് സ്ഥലം മാറ്റമുണ്ടായതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. എന്നാല്‍ ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന സര്‍ക്കുലര്‍ നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്ഥലം മാറ്റത്തില്‍ മന്ത്രിക്കു പങ്കില്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ വാദിച്ചത്. കൈ കാണിച്ചിട്ട് വാഹനം നിര്‍ത്താതെ പോയി എന്ന പരാതിയിലും ജീവനക്കാരെ സ്ഥലം മാറ്റാറുണ്ടെന്നും കെഎസ്ആര്‍ടിസി വിശദീകരിച്ചിരുന്നു