തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേണു മരിച്ചതല്ലെന്നും ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വി ഡി സതീശൻ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉന്നയിച്ചത്. മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുന്നുണ്ടെന്നും ഒരു മനുഷ്യന്റെ നിസഹായാവസ്ഥയുടെ ആഴം വേണുവിന്റെ വാക്കുകളിലുണ്ടെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്
ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു. വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ്. മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ നിസഹായാവസ്ഥയുടെ ആഴം വേണുവിന്റെ വാക്കുകളിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണിത്.
ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർ ആയ വേണു ഇന്നലെയാണ് മരിച്ചത്. സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. വേണുവിന്റെ മരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥ ആണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. അതിനിടെ താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.