ലോകത്തെമ്പാടുമുള്ള മലയാളികളെ... നിങ്ങൾ സഞ്ചരിക്കുന്ന രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും ഉദ്‌ഘാടനം എന്ന മാമാങ്കം കാണാറുണ്ടോ?: ഹരീഷ് വാസുദേവൻ

ഉദ്‌ഘാടന പരിപാടികൾക്കെതിരെ വിമർശനം ഉന്നയിച്ച് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. ഉദ്‌ഘാടന പരിപാടികൾ അസംബന്ധം ആയിട്ടാണ് തോന്നുന്നത്. റോഡ് പണിയുക, പാലം പണിയുക, കെട്ടിടം പണിയുക, പദ്ധതികൾ തുടങ്ങുക… ഇതെല്ലാം സർക്കാരിന്റെ ഉത്തരവാദിത്തങ്ങളാണ് അതുണ്ടാക്കി കഴിഞ്ഞാൽ എന്തിനാണ് ഉദ്‌ഘാടനം എന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ-കേരള സർക്കാരുകളോട് ഒരു അഭ്യർത്ഥന നടത്തുകയാണ് എന്നും എല്ലാം ലോകനിലവാരത്തിൽ ആക്കുമെന്ന് പറയുന്ന പാർട്ടികൾ ഇക്കാര്യത്തിൽ ലോകനിലവാരം പാലിക്കാൻ തയ്യാറാണോ എന്നു ഹരീഷ് വാസുദേവൻ ചോദിക്കുന്നു. വി.വി.ഐ.പികളുടെ വാഹനങ്ങളിലെ ചുവപ്പ് ലൈറ്റ് കളഞ്ഞത് പോലെ ചില മാറ്റങ്ങൾ വേണമെന്നും ഇക്കാര്യത്തിൽ ഒരു സർക്കാർ ഉത്തരവ് ഇറക്കാൻ തയ്യാറാകണം എന്നും യോജിപ്പുള്ളവർ സംസ്ഥാന പൊതുഭരണവകുപ്പിനും പ്രധാനമന്ത്രിക്കും കത്തു അയച്ചു കൂടെ കൂടണം എന്നും ഹരീഷ് വാസുദേവൻ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം:

ഉദ്‌ഘാടനം എന്ന അസംബന്ധം.

ലോകത്തെമ്പാടുമുള്ള മലയാളികളെ…
നിങ്ങൾ സഞ്ചരിക്കുന്ന രാഷ്ട്രങ്ങളിൽ എവിടെയെങ്കിലും ഉദ്‌ഘാടനം എന്ന മാമാങ്കം കാണാറുണ്ടോ? ഓരോ റോഡും കലുങ്കും ഉണ്ടാക്കി കഴിഞ്ഞിട്ട് ആനയും അമ്പാരിയും ചെണ്ടമേളവും തോരണവുമായി ലക്ഷങ്ങൾ പൊടിക്കുന്ന, റോഡ് ബ്ലോക്ക് ചെയ്തും ഖജനാവിൽ നിന്ന് പണം എടുത്തു ചെലവാക്കിയ നേതാക്കളുടെ തലയുള്ള അനേകം ഫ്‌ളക്‌സ് വെച്ചും നടക്കുന്ന അസംബന്ധങ്ങൾ മറ്റേതെങ്കിലും വികസിത സമൂഹങ്ങളിൽ ഉണ്ടോ? അറിയാനാണ്.

എനിക്കിത് വെറും അസംബന്ധം ആയിട്ടാണ് തോന്നുന്നത്. റോഡ് പണിയുക, പാലം പണിയുക, കെട്ടിടം പണിയുക, പദ്ധതികൾ തുടങ്ങുക… ഇതെല്ലാം സർക്കാരിന്റെ ഉത്തരവാദിത്തങ്ങളാണ്.
അത് നിറവേറ്റാനാണ് പൊതുജനം ഇത്രയധികം ചെലവിട്ടു ഈ സംവിധാനത്തെ തീറ്റിപോറ്റുന്നത്. അതിൽ പങ്കാളിയാകുന്നവരുടെ ഓരോരുത്തരുടെയും ചെലവ് മരണം വരെ ജനം നോക്കുന്നത് ഇതിനല്ലേ?

അതുണ്ടാക്കി കഴിഞ്ഞാൽ എന്തിനാണ് ഉദ്‌ഘാടനം? മന്ത്രിയോ MLA യോ വന്നു നാട മുറിച്ചാലേ പറ്റൂ? ഭരണഘടനയിലോ റൂൾസ് ഓഫ് ബിസിനസിലോ നിയമത്തിലൊ എവിടെയാണ് ഈ ഭരണാധികാരികളുടെ തല പൊതുചെലവിൽ പ്രദര്ശിപ്പിക്കാനുള്ള അധികാരം നൽകുന്നത്? Executive ഉം legislature ഉം ജുഡീഷ്യറിയും ഒക്കെ അവരവരുടെ പണിയാണല്ലോ ചെയ്യുന്നത്. നാളെ മുതൽ ജുഡീഷ്യറി
“ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാൻ വിധിച്ച ജസ്റ്റിസ്.കമാൽ പാഷയ്ക് അഭിവാദ്യങ്ങൾ” എന്നു പോസ്റ്ററും ഫ്ലക്‌സും വയ്‌ക്കാൻ ഉത്തരവിട്ടാൽ എന്ത് തോന്ന്യവാസമായിരിക്കും?? അറിയേണ്ടവർക്ക് അറിയാൻ സർക്കാർ വെബ്‌സൈറ്റ് ൽ കാര്യങ്ങൾ കൃത്യമായി പ്രസിദ്ധീകരിച്ചാൽ മതി. വേണ്ടവർ വന്നു നോക്കും.

കണ്ടു കണ്ടു നമ്മളീ ഉദ്‌ഘാടന തോന്ന്യവാസങ്ങളോട് സമരസപ്പെട്ടു. ആരും ചോദ്യം ചെയ്യുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ആയിരം രൂപ സർക്കാരിൽ നിന്ന് കിട്ടാൻ മാസങ്ങളായി കയറിയിറങ്ങി നടക്കുന്ന മനുഷ്യരുള്ള നാട്ടിലാണ് ഉദ്‌ഘാടനങ്ങളുടെയും മറ്റും അനാവശ്യചെലവും ഖജനാവിന് മേൽ വരുന്നത്. ഇത് അവസാനിപ്പിക്കേണ്ടേ?
വേണ്ടവർ സ്വന്തം കയ്യിൽ നിന്നോ പാർട്ടിയിൽ നിന്നോ പണം ചെലവാക്കി പരസ്യം നടത്തട്ടെ.

ഞാൻ ഇക്കാര്യത്തിൽ ഇന്ത്യൻ-കേരള സർക്കാരുകളോട് ഒരു അഭ്യർത്ഥന നടത്തുകയാണ്. എല്ലാം ലോകനിലവാരത്തിൽ ആക്കുമെന്ന് പറയുന്ന പാർട്ടികൾ ഇക്കാര്യത്തിൽ ലോകനിലവാരം പാലിക്കാൻ തയ്യാറാണോ എന്നു നോക്കട്ടെ. (ഉദ്‌ഘടനങ്ങൾക്ക് വേണ്ടി അടച്ചിട്ടിരിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും വേറെ). VVIP കളുടെ വാഹനങ്ങളിലെ ചുവപ്പ് ലൈറ്റ് കളഞ്ഞത് പോലെ ചില മാറ്റങ്ങൾ വേണ്ടേ?

ഇക്കാര്യത്തിൽ ഒരു സർക്കാർ ഉത്തരവ് ഇറക്കാൻ തയ്യാറാകണം. യോജിപ്പുള്ളവർ സംസ്ഥാന പൊതുഭരണവകുപ്പിനും പ്രധാനമന്ത്രിക്കും ഒരു email അയച്ചു കൂടെ കൂടണം. എന്റെ email പരാതി ഇന്ന് പോകും.

അഡ്വ.ഹരീഷ് വാസുദേവൻ.

https://www.facebook.com/harish.vasudevan.18/posts/10158098773752640

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ