ഭാരതാംബ വിവാദത്തിണ് ശേഷം ഗവർണറും മന്ത്രി പി പ്രസാദും ഒരുമിച്ച് ഇന്ന് വേദി പങ്കിടും. ഉച്ചക്ക് തൃശ്ശൂരിൽ നടക്കുന്ന കേരള കാർഷിക സർവകലാശാല ബിരുദദാന ചടങ്ങാണ് ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി. ഇന്നലെ കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ ചിത്രം വച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധം വൻ സംഘർഷമായി മാറിയിരുന്നു. ഗവർണർക്കെതിരായ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് എസ്എഫ്ഐയുടെയും കെഎസ്‍യുവിന്റെയും തീരുമാനം.
അതേസമയം, ഭാരതാംബ ചിത്രം വച്ചുള്ള പരിപാടി അനുവദിക്കില്ലെന്ന് സർവകലാശാല രജിസ്ട്രാർ നിലപാട് എടുത്തതിൽ രാജ്ഭവന് അതൃപ്തിയുണ്ട്. ഇതിൽ രാജ്ഭവന്റെ തുടർനീക്കം പ്രധാനമാണ്. ഭാരതാംബ ചിത്രം വയ്ക്കുന്നത് സംബന്ധിച്ച സർക്കാർ നിലപാട് മുഖ്യമന്ത്രി ഉടൻ ഗവർണറെ അറിയിക്കും.
കേരള സർവകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിനിടെ ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ കെഎസ്‍യു ഇന്ന് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആർഎസ്എസ് – യുവമോർച്ച പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നും ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചതെന്നും കെഎസ്‍യു നേതാക്കൾ പറഞ്ഞു.