കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സിപിഐ എന്ന ചിന്ത വാരികയിലെ വിമര്‍ശനത്തിനു മറുപടി നല്‍കി സിപിഐ പ്രസിദ്ധീകരണമായ നവയുഗം. മുമ്പ് സിപിഎമ്മിനെതിരെ നല്‍കിയ വിമര്‍ശന ലേഖനത്തിന് തുടര്‍ച്ചയായാണു ‘കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍’ എന്ന പുതിയ ലേഖനം. ഇഎംഎസ് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനാണെന്ന ആരോപണമാണ് ലേഖനത്തിലുന്നയിച്ചിരിക്കുന്നത്. 1967ല്‍ സിപിഐ മന്ത്രിമാര്‍ക്കെതിരെ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന നടത്തിയതും നേതൃത്വം കൊടുത്തതും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നുവെന്നു നവയുഗത്തിലെ ലേഖനത്തില്‍ ആരോപിക്കുന്നു.
എം.എന്‍.ഗോവിന്ദന്‍നായര്‍ക്കും ടി.വി.തോമസിനുമെതിരെ വന്ന അഴിമതിയാരോപണങ്ങള്‍ പരാമര്‍ശിക്കുന്നതാണ് ലേഖനം. ദീര്‍ഘകാലം കൂടെ പ്രവര്‍ത്തിച്ച സ്വന്തം സഖാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇഎംഎസിനെ നയിച്ച ചേതോവികാരം സിപിഐയെ ഇല്ലാതാക്കുകയെന്നതായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ അന്യാദൃശ്യമായ ഭരണവൈദഗ്ധ്യം പ്രകടിപ്പിച്ച അച്യുതമേനോന്‍ തന്നെയാണു ജനമനസ്സില്‍ കേരളം കണ്ട സമാദരണീയനായ മുഖ്യമന്ത്രി. അതുകൊണ്ടാണ് 1970-77ലെ ഭരണത്തെയും അച്യുതമേനോനെയും ചരിത്രത്തില്‍നിന്നു മായ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം സിപിഎം ഇപ്പോഴും നടത്തുന്നത്.
സിപിഐക്കെതിരെ ഒരു വിമര്‍ശനവും ഉന്നയിക്കാന്‍ കഴിയാതെ വരുമ്പോള്‍ നിങ്ങള്‍ അടിയന്തരാവസ്ഥയെ പിന്തുണച്ചവരും കോണ്‍ഗ്രസിന്റെ വാലായി നടന്നവരുമല്ലേ എന്നു സിപിഎമ്മുകാര്‍ ചോദിക്കുന്നു. അടിയന്തരാവസ്ഥയുടെ പേരില്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ദേശീയ അടിസ്ഥാനത്തില്‍ ശക്തമായി പോരാടിയതു സിപിഐയാണ്.
കേരളത്തില്‍ മാവോയിസത്തിന്റെ പേരില്‍ ഒന്‍പതു പേരെയാണു വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നത്. രാജന്‍ സംഭവത്തിന്റെ പേരില്‍ അച്യുതമേനോനെ വിമര്‍ശിക്കുന്നവര്‍ മാവോയിസ്റ്റുകളെ കൊന്നതിന്റെ പേരില്‍ ഇപ്പോഴത്തേ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ തയാറാകുമോ? യുഎപിഎ എന്ന കിരാത നിയമത്തിനെതിരെ ധാരാളം അധര വ്യായാമം നടത്തിയവരാണു സിപിഎം. ഈ നിയമം ഉപയോഗിച്ച് ഇല്ലാത്ത കുറ്റം ചുമത്തി, അലനെയും താഹയെയും ജയിലിലടച്ചെന്നു കോടതി തന്നെ ചൂണ്ടിക്കാട്ടി.
സിപിഎം എന്തു ചെയ്താലും അവര്‍ക്കു സ്വന്തം ന്യായങ്ങളുണ്ടാകും. ജനസംഘം, സ്വതന്ത്ര പാര്‍ട്ടി, കേരള കോണ്‍ഗ്രസ് എന്നിവയെ കൂട്ടുപിടിച്ച് അടവുനയം എന്ന പേരില്‍ പരസ്യമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണു സിപിഎം. പിളര്‍പ്പ് ഒരു ദുരന്തമായിരുന്നു. 1965ല്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ജനം അതാഗ്രഹിച്ചിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.