ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. തട്ടിപ്പിൽ വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തി. ഇക്കാര്യം എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ജിഎസ്ടി വെട്ടിപ്പ് കേന്ദ്ര ജിഎസ്ടി വിഭാഗം അന്വേഷിക്കും. എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാജ രേഖകൾ ഉണ്ടാക്കിയത് സംസ്ഥാന പൊലീസിന് അന്വേഷിക്കാം. വാഹനങ്ങളുടെ രജിസ്ട്രേഷൻ അടക്കമുള്ളവ റദ്ദാക്കാൻ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. ഭൂട്ടാൻ വഴിയുള്ള കള്ളക്കടത്തിലെ സാമ്പത്തിക ഇടപാടുകളും രേഖകളും മിക്കതും നിയമവിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്. രേഖകളും വിവരങ്ങളും കസ്റ്റംസ് പ്രിവന്റ് ചെയ്ത് തന്നെ വിവിധ ഏജൻസികൾക്ക് കൈമാറും.
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകൾക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവൻറീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തിൽ പരിശോധന നടന്നത്. ഇന്ത്യൻ സൈന്യത്തിൻറെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിൻറെയുമൊക്കെ പേരിൽ വ്യാജരേഖകളുണ്ടാക്കി സിനിമാ താരങ്ങൾക്കും വ്യവസായികൾക്കുമടക്കം ഇടനിലക്കാർ ആഡംബര കാറുകൾ വിറ്റു എന്നതാണ് കണ്ടെത്തൽ.