ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇഡി റെയ്ഡ്. ഒരേ സമയം 17 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉള്‍പ്പെടെ ഉദ്യോഗസ്ഥർ എത്തി. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്‌ഡ്. കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. അമിത് ചക്കാലയ്ക്കൽ, വിദേശ വ്യവസായി വിജേഷ് വർഗീസ്, വാഹന ഡീലർമാർ എന്നിവരുടെ വീടുകളിലും റെയ്‌ഡ് നടക്കുന്നുണ്ട്.
കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്‌ഡ് എന്നാണ് വിവരം. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്‌ഡ് എന്നാണ് ഇഡിയുടെ വിശദീകരണം. ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ റെയ്ഡ് സംഘടിപ്പിച്ചിരുന്നു.