സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എസ് ഐ ആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. നീട്ടി വയ്ക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ ഇന്നലെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ഈ ഘട്ടത്തിൽ നടപടി നിർത്തി വയ്ക്കാൻ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ ഒരുമിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്, അതുകൊണ്ട് ഭരണസ്തംഭനം ഇല്ലെന്നും ഐക്യത്തോടെയാണ് നടപടികളെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. പകരം ഉദ്യോഗസ്ഥരെ ചുമതല നൽകാനുള്ള അവസരമുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് സമയത്തും ഇതേ പ്രശ്നം പറഞ്ഞിരുന്നു. പക്ഷേ അവിടെയും ഒരു കുഴപ്പമുണ്ടായില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.