പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച സമഗ്രശിക്ഷാ കേരളം ഫണ്ട് കേന്ദ്രം തടഞ്ഞെന്ന് സൂചന. ആദ്യ ഗഡുവായി നല്‍കാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 320 കോടി രൂപ ബുധനാഴ്ച ആയിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
പാഠപുസ്ത പരിഷ്‌കരണം, വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം, വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഈ ഫണ്ടിനെ ആശ്രയിച്ചിരിക്കുന്നുണ്ട്. കഴിഞ്ഞ 2022, 2023, 2024 കാലഘട്ടത്തിലെ ഫണ്ടാണ് ഇപ്പോഴും കിട്ടാത്ത സാഹചര്യം ഉള്ളത്. ഇത് കിട്ടാതിരുന്നിട്ട് പോലും വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യങ്ങള്‍ക്കൊന്നും ഇതുവരെ ഒരു മുടക്കം ഉണ്ടാക്കാതെ മുന്നോട്ട് പോയിട്ടുണ്ട്. എന്നിട്ടും ഈ ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തില്‍ ഇനി എങ്ങനെ മുന്നോട്ട് പോകും എന്നുള്ളത് തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക.
അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിന് അയക്കുന്ന കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേന്ദ്രത്തിന് അയക്കുന്ന കത്തില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.