വടകര എംപി ഷാഫി പറമ്പിലിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. താൻ പറഞ്ഞതൊന്നും മാറ്റി പറയുന്നില്ലെന്ന് പറഞ്ഞ സുരേഷ് ബാബു അതെല്ലാം അവിടെ തന്നെ നിൽക്കുകയാണെന്നും പറഞ്ഞു. ഷാഫിയെ വീഴ്ത്തണമെന്ന് പറഞ്ഞ് കോൺഗ്രസിനകത്ത് നടക്കുന്നവർ ചിലപ്പോൾ പരാതിയുമായി പോകുമെന്നും സുരേഷ് ബാബു പറഞ്ഞു.
കോൺഗ്രസുകാർക്ക് പരാതി നൽകുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാം. എന്നാൽ ഒന്നുമാത്രമേ പറയാനുള്ളൂ, അനാവശ്യമായി കോലിട്ട് ഇളക്കാൻ വന്നാൽ അതിന്റെ വലിയ പ്രത്യാഘാതം ആരാണ് നേരിടേണ്ടിവരികയെന്ന് നിങ്ങൾ മനസിലാക്കണമെന്ന് സുരേഷ് ബാബു പറഞ്ഞു. അതേസമയം രാഷ്ട്രീയ നേതാക്കളിലുണ്ടാവുന്ന വ്യക്തിപരമായ അശ്ലീലം ചർച്ച ചെയ്യാൻ താത്പര്യമില്ലെന്നും കേരളത്തിലെ വികസനവും ക്ഷേമവുമാണ് പൊതു സമൂഹം ചർച്ച ചെയ്യേണ്ടതെന്നും സുരേഷ് ബാബു പറഞ്ഞു. അതാണ് സിപിഐഎം അഭിപ്രായമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തിയത്. ഷാഫിയും രാഹുലും കൂട്ടുകച്ചവടമാണെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. സ്ത്രീവിഷയത്തിൽ ഷാഫി രാഹുലിന്റെ ഹെഡ്മാഷ് ആണെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.
അതേസമയം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയമെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.