കേരളത്തിനെ സംബന്ധിച്ച് വികസനത്തിനു പുതിയ ദിശാബോധം വന്ന ദിവസമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത് ഭാരത്, പാസഞ്ചര്‍ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂര്‍ണമാകൂ എന്നും അതിനായി രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വ്വഹിച്ചു സംസാരിക്കവെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും വാഗ്ദാനങ്ങളെ കുറിച്ചും മോദി വാചാലനായി
വികസിത കേരളത്തില്‍നിന്നു മാത്രമേ വികസിത ഭാരതം ഉണ്ടാകുകയുള്ളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും കേരള വികസത്തിനു ഇന്നു മുതല്‍ പുതിയ ദിശാബോധം വന്ന ദിവസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അമൃത് ഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തിയെന്നും ഗുരുവായൂര്‍ക്കുള്ള പുതിയ ട്രെയിന്‍ തീര്‍ഥാടനത്തിന് ഉപയുക്തമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്നുമുതല്‍ കൂടുതല്‍ ശക്തമാകും. രാജ്യത്തെ വലിയ സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യചുവട് ഇന്ന് വെക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ബിജെപി യോഗത്തില്‍ പറയാമെന്നു വ്യക്തമാക്കിയാണ് പ്രധാനമന്ത്രി ട്രെയിന്‍ ഫ്‌ളാഗ് ഓഫിന് ശേഷമുള്ള പ്രസംഗം അവസാനിപ്പിച്ചത്.
തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമടക്കം ചേര്‍ന്നാണ് സ്വീകരിച്ചത്. വിമാനത്താളത്തില്‍നിന്ന് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി റെയില്‍വേയുടെ പരിപാടിയിലേക്കെത്തിയത്. ‘സുഹൃത്തുക്കളേ’ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഓരോ പദ്ധതികളെ കുറിച്ചും പറഞ്ഞത്.