കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതോടെ കെ സുധാകരന്‍ കോണ്‍ഗ്രസിന് കൂട്ടം തെറ്റിയ ഒറ്റയാനാകുമോ? കെപിസിസി നേതൃമാറ്റം താമര വീണ്ടും വിടരാതിരിക്കാനെന്ന് വിലയിരുത്തലുകള്‍

കെപിസിസി നേതൃമാറ്റത്തെ കുറിച്ച് പരസ്യ പ്രതികരണം നടത്തി എഐസിസി നേതൃത്വത്തെ കെ സുധാകരന്‍ കടുത്ത പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ അധ്യക്ഷ കസേരയില്‍ അവകാശം ഉന്നയിച്ച് കൂടുതല്‍ നേതാക്കള്‍. കോഴിക്കോട് നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ കെ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ് നടത്തിയ ചര്‍ച്ചകള്‍ നിലവില്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.

കെപിസിസി നേതൃമാറ്റത്തെ കുറിച്ചുള്ള ഹൈക്കമാന്റ് ചര്‍ച്ചയെ കുറിച്ച് പരസ്യ പ്രതികരണം നടത്തിയതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വടംവലി പുറത്തായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന് വിനയാകുന്ന നിലയിലേക്കാണ് പോകുന്നത്.

നടക്കാനിരിക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമാണ് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിനെ പ്രധാനമായും സ്വാധീനിക്കുക. പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിലൂടെ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യം കൂടി സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ട്. ബിജെപി സംസ്ഥാനത്ത് ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താന്‍ നടത്തുന്ന കഠിന പ്രയത്‌നങ്ങള്‍ വെല്ലുവിളിയാകുന്നതും പ്രധാനമായി കോണ്‍ഗ്രസിനാണ്.

അതിനാല്‍ ആന്റോ ആന്റണിയെ അല്ലെങ്കില്‍ സണ്ണി ജോസഫിനെ അധ്യക്ഷ പദവിയിലെത്തിക്കേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. എന്നാല്‍ കെ സുധാകരന്‍ ഇടഞ്ഞതോടെ പാലക്കാട് ഡിസിസി ഓഫീസ് പരിസരത്ത് വിമത സ്വരം പോസ്റ്റര്‍ രൂപത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രം കെ സുധാകരന്‍, കെ സുധാകരന്‍ ഇല്ലെങ്കില്‍ മേഞ്ഞു നടക്കും സിപിഐഎം, കെ സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാര്‍ എന്നിങ്ങനെയാണ് പാലക്കാട്ടെ പോസ്റ്ററുകള്‍. എന്നാല്‍ വിമത സ്വരങ്ങള്‍ക്ക് ചെവികൊടുക്കാതെ നേതൃമാറ്റത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇന്ന് രാത്രിയോടെയോ നാളെയോ പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നത് പാര്‍ട്ടിയ്ക്ക് കൂടുതല്‍ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകള്‍. ഇതോടകം കൂടുതല്‍ നേതാക്കള്‍ അധ്യക്ഷ കസേരയ്ക്കായി നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ താത്പര്യമറിയിച്ച് കൊടിക്കുന്നില്‍ സുരേഷ് ഹൈക്കമാന്റിനെ നേരിട്ട് സമീപിച്ചു.

പരസ്യ പ്രതികരണത്തില്‍ കടുത്ത അതൃപ്തിയുണ്ടെങ്കിലും ഒരിക്കല്‍ കൂടി കെ സുധാകരനുമായി എഐസിസി നേതൃത്വം ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ ഹൈക്കമാന്റുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കെ സുധാകരനുമായി എഐസിസി നേതൃത്വം ചര്‍ച്ച നടത്തുക.

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ കെ സുധാകരന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും വിലയിരുത്തലുകളുണ്ട്. അധ്യക്ഷ സ്ഥാനം ഒഴിയുന്നതോടെ സുധാകരന്‍ നേതൃത്വത്തിനെതിരെ വീണ്ടും സ്വരം കടുപ്പിച്ചാല്‍ അത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെയും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളെയും സ്വാധീനിച്ചേക്കാം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി