തൃശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അകപ്പെട്ടു. ഇവർക്കായി രക്ഷാദൗത്യം ഊർജിതമായി തുടരുകയാണ്. കെട്ടിടത്തിൽ 17 പേരാണ് താമസിച്ചിരുന്നത്. 14 പേർ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്.
ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണിൽ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലാണ് തൊഴിലാളികൾ കുടുങ്ങിയതെന്ന് കരുതുന്നത്. ഇവർ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. നാലു വർഷമായി ഇവിടെ ജോലി ചെയ്യുന്നതായി തൊഴിലാളികൾ പറഞ്ഞു