സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാരെല്ലാം വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി വേദിയ്ക്ക് സമീപം സദസ്സിലിരിക്കുമ്പോള്‍ സ്‌റ്റേജിലെ കസേരയില്‍ ഒറ്റയ്ക്ക് ആദ്യമേ കയറിയിരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സ്റ്റേജില്‍ ആദ്യമേ ഇടംപിടിച്ച ബിജെപി അധ്യക്ഷന്‍ സംസ്ഥാന സര്‍ക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന കാര്യം മറന്ന മട്ടാണ്. സംസ്ഥാന വിഹിതമാണ് സാമ്പത്തിക അടിത്തറയെന്ന് വ്യക്തമായ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ആദ്യമേ കയറി ഇരിപ്പുറച്ചിരിക്കുന്നത്. ഇത് അല്‍പത്തരമല്ലേയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ചോദിച്ചു. വേദിയിലെത്തി ഒറ്റക്കിരുന്ന് മുദ്രാവാക്യം വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആഘോശമാക്കുമ്പോള്‍ ആ അല്‍പത്തരത്തെ ചോദ്യം ചെയ്യുകയാണ് മന്ത്രി മുഹമ്മദ് റിയാസ്.
അവിടെ ഒരു വ്യക്തി ഇരിക്കുന്നത് കാണാം..നിങ്ങള്‍ കണ്ടില്ലേ അദ്ദേഹം ഒറ്റക്കിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരൊക്കെ അവിടെ ഇരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും അവിടെ പോയി ഇരിക്കേണ്ട. കുറേ ആളുകള്‍ സദസിലിരിക്കണം. എന്നാലും ധനകാര്യ മന്ത്രി സദസിലിരിക്കുകയാ. മന്ത്രിമാരില്‍ പലരും ഇവിടെ ഇരിയ്ക്കുകയാ. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്നു ഒരു സര്‍ക്കാര്‍ പരിപാടിക്കിരിക്കുകയാണ്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണ്. ഇത് ജനാധിപത്യ വിരുദ്ധമല്ലേ. ഇനി ഇരിക്കുന്ന ഇദ്ദേഹത്തിന് ഒരു മാന്യത കാണിക്കേണ്ടേ. ഇതൊക്കെ അല്‍പത്തരമല്ലേ’. അല്‍പത്തരം, എന്നിട്ട് സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്.
ഇത് മലയാളി പൊറുക്കില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിക്കുകയും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ ഇത്തരം സമീപനം സ്വീകരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തെ വേദിയിലിരുത്തുകയും ചെയ്യുന്ന പരിപാടിയാണെങ്കില്‍ മനസിലാക്കാം. ഇതങ്ങനെയല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് വിളിച്ചു ഇരുത്തുന്നുവെന്നും അദ്ദേഹം മുദ്രാവാക്യം വിളിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു. ജനാധിപത്യത്തോട് പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപിയും എടുക്കുന്ന സമീപനമാണ് ഇത് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.