ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമയുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. സർക്കാർ നീതിപൂർവമായി ഇടപെടുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അനൂപ് ആന്റണി പറഞ്ഞു.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തന്നെ മത പരിവർത്തനം നിരോധന നിയമം ഉള്ള നാടാണ് ഛത്തീസ്ഗഡ് എന്ന് പറഞ്ഞ അനൂപ് ആന്റണി പരിഹാരം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷ കൂടിയെന്നും ജാമ്യപേക്ഷ നൽകുമ്പോൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷ നിർഭരമായ നടപടി ഉണ്ടാകുമെന്നും അനൂപ് ആന്റണി പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസമാണ് മതപരിവർത്തനം ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾക്കെതിരായ കേസിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെ നിരാകരിക്കുന്നതാണ് സംഭവസമയത്ത് പെൺകുട്ടി നടത്തിയ പ്രതികരണം.