കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ പതിമൂന്നാം ബ്ലോക്കിലെ ദമ്പതികൾക്ക് പരിക്കേറ്റു. പുതുശ്ശേരി അമ്പിളി, ഭർത്താവ് ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. ബൈക്ക് ആന തകർത്തു.
പരിക്കേറ്റ ഇരുവരേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഈ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. ആറളം ഫാം ബ്ലോക്ക് 13 ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്.
ആർആർടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. ആർആർടി ഓഫീസിൽ നിന്ന് 600 മീറ്റർ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി.