വടകര എംപി ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണത്തിൽ പരാതി നൽകി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് പരാതി നൽകിയിരിക്കുന്നത്. സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ടാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.
ആരോപണം കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയില്‍ പറയുന്നു. സുരേഷ് ബാബുവിന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഷാഫിക്കെതിരായ ആരോപണത്തിൽ അധിക്ഷേപത്തില്‍ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തിയത്. ഷാഫിയും രാഹുലും കൂട്ടുകച്ചവടമാണെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. സ്ത്രീവിഷയത്തിൽ ഷാഫി രാഹുലിന്റെ ഹെഡ്മാഷ് ആണെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു.
അതേസമയം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റേത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ എംപി പറഞ്ഞിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഇതാണോ സിപിഎമ്മിൻ്റെ രാഷ്ട്രീയമെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
ഇതാണോ 2026ലെ സിപിഎമ്മിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഷാഫിയും രാഹുലും കൂട്ടുകച്ചവടമാണെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു.