ശബരിമല സ്വര്‍ണ്ണക്കൊള്ള തട്ടിപ്പിന് തുടക്കമിട്ടത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത് പത്മകുമാര്‍ ആണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. വ്യാഴാഴ്ചയാണ് അന്വേഷണസംഘം റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
2019 ഫെബ്രുവരി മുതല്‍ പത്മകുമാര്‍ സ്വര്‍ണ്ണക്കൊള്ള നടത്താനുള്ള നീക്കം തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് സ്വര്‍ണം ചെമ്പാക്കി മാറ്റി രേഖകള്‍ തയാറാക്കിയത്. ‘സ്വര്‍ണം പതിച്ച ചെമ്പ് പാളികള്‍’ എന്നതിന് പകരം ‘ചെമ്പുപാളികള്‍’ എന്ന് പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതി ചേര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ്, ബോര്‍ഡ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്. നടപടിക്രമങ്ങള്‍ മറികടന്ന് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് പുറത്തു കൊണ്ടുപോകാന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു.
ഇതിനായി മറ്റ് പ്രതികളുമായി ഗൂഢാലോചന നടത്തി. പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. പോറ്റിക്ക് പാളികള്‍ കൈമാറാനുള്ള നിര്‍ദേശം പത്മകുമാര്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ അപേക്ഷ താഴെത്തട്ടില്‍ നിന്നും ലഭിക്കട്ടെ എന്നാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ബോര്‍ഡ് യോഗത്തിന്റെ മിനിട്സില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ തിരുത്ത് വരുത്തി എന്നാണ് എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് എസ്ഐടി പിടിച്ചെടുത്ത രേഖകള്‍ കേസില്‍ നിര്‍ണായകമായി. കേസില്‍ പത്മകുമാറിനും മുകളില്‍ ആരെങ്കിലും ഉണ്ടായിരുന്നോ, പോറ്റി സന്നിധാനത്ത് നിന്ന് കൊണ്ടുപോയ യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ എന്ത് ചെയ്തു എന്നിവയാണ് ഇനി എസ്ഐടിക്ക് മുന്നിലുള്ള സുപ്രധാന ചോദ്യങ്ങള്‍. സ്വര്‍ണം ആര്‍ക്കെങ്കിലും വിറ്റോ എന്ന് അറിയാനുള്ള ശ്രമത്തിലാണ് എസ്ഐടി.