'എം.വി. ഗോവിന്ദൻ കളിയാക്കി ചിരിച്ചു, തനിക്കെതിരെ ശരിയല്ലാത്ത പദപ്രയോഗം നടത്തി'; പാർട്ടി അംഗത്വം ഉപേക്ഷിക്കാൻ ജി. സുധാകരൻ

പാർട്ടിയിൽ തുടരില്ലെന്ന് മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ തന്നെ പരിഹസിച്ചെന്നും ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ലെന്നും സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മെമ്പർഷിപ്പ് പുതുക്കുന്നി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എം.വി ഗോവിന്ദന്റെ വിഡിയോ പങ്കുവെച്ചാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പി​ന്റെ പൂർണരൂപം:

2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല.

63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു, അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്.

ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽപെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത്. ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു.

അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി.

Latest Stories

യുദ്ധഭീതിക്കിടയിലും കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇനിയും കുറയും?

കേരളത്തിൽ ശിശുമരണ നിരക്ക് കുറയാൻ കാരണം യുവാക്കൾ വിദേശത്ത് പോകുന്നതുകൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ

ശബരിമല സ്വർണ്ണകൊള്ള കേസ്: എ. പത്മകുമാർ പുറത്തേയ്ക്ക്

ആറ്റുകാൽ പൊങ്കാലയ്ക്കിടെ സർക്കാർ സ്കൂളിലെ അനധികൃത പാർക്കിംഗ് പിരിവ് തെറ്റായ നടപടിയെന്ന് വി. ശിവൻകുട്ടി; കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം

ഇറാനെതിരെ 'അനിശ്ചിതകാലത്തേക്ക്' യുദ്ധത്തിനൊരുങ്ങി ട്രംപ്; മിസൈലുകളുടെ ശേഖരം തീർന്നുപോകാൻ സാധ്യതയുണ്ടെന്ന് പെന്റഗണിന്റെ മുന്നറിയിപ്പ്

'നീ ഒരിക്കലും തനിച്ചല്ല റിങ്കു, ഈ സമയത്തും നീ രാജ്യത്തിന് വേണ്ടി വന്നു'; താരത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

സഞ്ജുവിന് കിട്ടാൻ പോകുന്നത് വമ്പൻ പണി; ഐസിസി നടപടിക്ക് ഒരുങ്ങുന്നു

'സഞ്ജുവും സൂര്യയും ആ ഇംഗ്ലണ്ട് താരത്തെ സൂക്ഷിക്കണം, അപകടകാരിയാണ് അവൻ'; മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ