വിജയ് ദേവരകൊണ്ട നായകനാവുന്ന കിങ്ഡം സിനിമയുടെ ട്രെയിലറിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം. ഒരു പക്ക ആക്ഷൻ ചിത്രമാകും കിങ്ഡം എന്ന സൂചനയാണ് സിനിമയുടെ ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. തെലുങ്കിൽ ജേഴ്സി എന്ന ശ്രദ്ധേയ ചിത്രമൊരുക്കിയ ഗൗതം തന്നൂരി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തുടർച്ചയായ പരാജയചിത്രങ്ങൾക്ക് ശേഷം കിങ്ഡത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ഒരു മിഷന്റെ ഭാഗമായി പൊലീസ് ഓഫീസർ ആയ നട്റെ കഥാപാത്രം ഒരിടത്ത് എത്തുന്നതും തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
മലയാളത്തിൽ നിന്നും നടൻ വെങ്കിടേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം ജൂലൈ 31 നാണ് റിലീസ് ചെയ്യുക. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന കിങ്ഡം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ എത്തിക്കുന്നത്. ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ നായികമാർ. സിത്താര എൻറർടെയ്മെൻറും ഫോർച്യൂൺ 4 ഉം ചേർന്ന് ആണ് സിനിമ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.