ഡി സിയുടെ സൂപ്പർമാൻ മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. മാർവലിനായി നിരവധി സൂപ്പർ ഹിറ്റുകളൊരുക്കിയ ജയിംസ് ഗൺ ആണ് സൂപ്പർ ഹീറോ ചിത്രം അണിയിച്ചൊരുക്കിയത്. ഇത്തവണ ഡേവിഡ് കോറെൻസ്വെറ്റ് സൂപ്പർമാനായി എത്തുന്ന ചിത്രത്തിൽ റേച്ചൽ ബ്രോഷ്‌നൻ, നിക്കോളസ് ഹോൾട് എന്നിവരാണ് മറ്റു താരങ്ങൾ. സ്ഥിരം ഡാർക്ക് ടോൺ വിട്ട് കളർഫുളായാണ് സൂപ്പർമാനെ ജെയിംസ് ഗൺ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ചതിന് താരങ്ങൾ വാങ്ങിയ പ്രതിഫല വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്.
സൂപ്പർമാൻ ആവാൻ ഡേവിഡ് കോറൻസ്വെറ്റ് ചിത്രത്തിനായി വാങ്ങിയ പ്രതിഫലം 7,40000 ഡോളർ ആണെന്നാണ് വിവരം. അതായത് ഇന്ത്യൻ രൂപ ഏകദേശം 6.43 കോടി രൂപ. നായിക കഥാപാത്രത്തെ അവതരിപ്പിച്ച റേച്ചലിനും ഇതേ പ്രതിഫലമാണ്. ഹോളിവുഡിലെ ഒരു ബിഗ് ബജറ്റ് സിനിമയിൽ അഭിനയിച്ചതിന് ഇത്രയും പ്രതിഫലം മാത്രം താരങ്ങൾ വാങ്ങിയതാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. മലയാളത്തിൽ ഒരു സിനിമയ്ക്കായി നടൻ മോഹൻലാൽ വാങ്ങാറുളളത് എട്ട് കോടിയോളം രൂപയാണ്.
പൊതുവേ കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഹോളിവുഡിൽ ഒരു ചിത്രം പുറത്തിറങ്ങാറുളളത്. ഈ സമയത്ത് വെറും ഏഴ് കോടിക്കടുത്ത് മാത്രം ശമ്പളം വാങ്ങി താരങ്ങൾ ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചതാണ് മിക്കവരിലും കൗതുകമുണ്ടാക്കിയത്. എന്നാൽ പ്രതിഫലം കുറവാണെങ്കിലും ലാഭത്തിൽ നിന്ന് നല്ലൊരു ഷെയർ സൂപ്പർമാൻ ചിത്രത്തിലെ താരങ്ങൾക്ക് ലഭിക്കും. 230 മില്യണാണ് ഇതുവരെയുള്ള ചിത്രത്തിന്റെ കളക്ഷൻ. വൺ ബില്യൺ ക്ലബ്ബിൽ ചിത്രം ഉടൻ എത്തുമെന്നാണ് ഡി സി ആരാധകരുടെ പ്രതീക്ഷ.