‘രാവണപ്രഭു’ എന്ന ചിത്രത്തിൽ തന്നെ അഭിനയിപ്പിക്കരുതെന്ന് പലരും സംവിധായകൻ രഞ്ജിത്തിനോട് പറഞ്ഞിരുന്നതായി നടി വസുന്ധരാ ദാസ്. 4K ദൃശ്യമികവിൽ തിയേറ്ററുകളിൽ എത്തിയ ‘രാവണപ്രഭു’വിന്റെ റീ- റിലീസിന് മുന്നോടിയായി മാറ്റിനീ നൗവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘രാവണപ്രഭു’വിന് മുമ്പ് ‘സിറ്റിസൺ’ എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചത്. അതിന്റെ ഷൂട്ടിങ് സമയത്ത് ശരിക്കും മടുത്തിരുന്നു. അതിനുശേഷം മറ്റൊരു ചിത്രം ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല. അപ്പോഴാണ് രഞ്ജിത്ത് വന്ന് രാവണപ്രഭുവിന്റെ കഥ പറയുന്നത്. ജാനകി എന്ന കഥാപാത്രത്തെ രൂപപ്പെടുത്താൻ എത്രത്തോളം ശ്രദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു’
‘ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള വാണിജ്യ സിനിമകൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടിയാണ് താൻ അന്വേഷിച്ചിരുന്നത്. ജാനകി എന്ന കഥാപാത്രത്തിന്റെ വിവരണം തന്നെ ആകർഷിച്ചു. ഒരുപാട് പേർ തന്നെവെച്ച് സിനിമ ചെയ്യരുതെന്ന് രഞ്ജിത്തിനോട് പറഞ്ഞിരുന്നതായി അദ്ദേഹം പിന്നീട് എന്നോട് പറഞ്ഞു. താൻ സ്വതന്ത്ര ചിന്താഗതിക്കാരിയും സ്വന്തമായി തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതിനാൽ തന്നെ സിനിമയിൽ എടുക്കരുതെന്ന് പലരും പറഞ്ഞു. പക്ഷേ അദ്ദേഹം തീരുമാനത്തിൽ ഉറച്ചുനിന്നു. ഇങ്ങനെയെല്ലാം കേട്ടിട്ടും തന്നെ അഭിനയിപ്പിക്കാനെടുത്ത തീരുമാനത്തിന് അദ്ദേഹത്തോട് നന്ദി പറഞ്ഞുവെന്നും നടി ഓർത്തെടുത്തു.
കഴിഞ്ഞ 24 വർഷമായി രാവണപ്രഭുവിലൂടെ താൻ കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളി ജനതയുടേയും സ്‌നേഹം അനുഭവിച്ചറിയുകയാണെന്നും നടി കൂഒട്ടിച്ചേർത്തു. റീ- റിലീസിലൂടെ ആളുകൾക്ക് തീയേറ്ററുകളിൽ പോയി സിനിമ വീണ്ടും കാണാൻ അവസരം ലഭിക്കുന്നതിൽ താൻ വളരെ സന്തോഷവതിയാണെന്നും വസുന്ധര പറഞ്ഞു.