മലയാളി പ്രേക്ഷകരെയും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയെയും വിമര്‍ശിച്ച് സംസാരിച്ച നടി മേഘന എല്ലെനെതിരെ രൂക്ഷ വിമര്‍ശനം. കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഇത്ര ചര്‍ച്ചയാകുന്നില്ലെന്നും തമിഴ്‌നാട്ടില്‍ എന്തുകൊണ്ടാണ് ഈ സിനിമ ഇങ്ങനെ ആഘോഷിക്കുന്നതെന്ന് തനിക്കു മനസ്സിലാകുന്നില്ല എന്നായിരുന്നു നടി പറഞ്ഞത്. കൂടാതെ കേരളത്തില്‍ തമിഴ് സിനിമകള്‍ വിജയിപ്പിക്കാറില്ലെന്നും വിജയ് ചിത്രങ്ങള്‍ മാത്രമാണ് വിജയിക്കുന്നതെന്നും മേഘന പറഞ്ഞിരുന്നു.
മേഘനയുടെ ‘അരിമാപ്പട്ടി ശക്തിവേല്‍’ എന്ന തമിഴ് ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമ കണ്ട ശേഷം തിയേറ്റര്‍ വിട്ടിറങ്ങിയപ്പോഴായിരുന്നു മേഘനയുടെ പ്രതികരണം. താനൊരു മലയാളിയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു മേഘന സംസാരിച്ചത്.
”നിങ്ങള്‍ പറയുന്ന ആ ചെറിയ സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ് അല്ലേ. തുറന്നു പറയാം, ഞാനൊരു മലയാളിയാണ്. കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ഇത്രത്തോളം പ്രതികരണം ഒന്നുമില്ല. എന്തുകൊണ്ട് തമിഴ്‌നാട്ടില്‍ ഇങ്ങനെ ഈ സിനിമ ആഘോഷിക്കുന്നതെന്ന് മനസിലാകുന്നില്ല. വ്യത്യസ്തമായി എന്തെങ്കിലും കൊടുത്തോ എന്നും അറിയില്ല. ഞാന്‍ സിനിമ കണ്ട ആളാണ്. പക്ഷേ ഈ പറയുന്ന രീതിയില്‍ തൃപ്തികരമല്ല അത്. അങ്ങനെ ഒന്നും കിട്ടിയുമില്ല. ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് എപ്പോഴും നല്ലതാണ്. ഇത്രത്തോളം ഹൈപ്പ് കൊടുക്കാന്‍ അതില്‍ എന്താണ് ഉള്ളതെന്നും മനസിലാകുന്നില്ല.”
”മഞ്ഞുമ്മല്‍ ബോയ്‌സ് പോലുള്ള ചെറിയ സിനിമകള്‍ക്കു ലഭിക്കുന്ന പ്രോത്സാഹനം ഞങ്ങളുടെ സിനിമയ്ക്കും നല്‍കണം. ഇവിടെ മലയാള സിനിമകള്‍ വലിയ ആഘോഷമാക്കുന്നതുപോലെ കേരളത്തില്‍ ആരും തമിഴ് പടങ്ങള്‍ ആഘോഷമാക്കുന്നില്ല. കേരളത്തില്‍ ആകെ ഹിറ്റാകുന്നത് വിജയ് സിനിമകള്‍ മാത്രമാണ്. മറ്റൊരു തമിഴ് സിനിമയും അവിടെ കാണാന്‍ പോലും കിട്ടില്ല. എനിക്കു തന്നെ ഒരു തമിഴ് സിനിമ കാണണമെന്നുണ്ടെങ്കില്‍ കേരളത്തില്‍ നിന്നും കൊയമ്പത്തൂരു വന്നാകും കാണുക. അവര്‍ തമിഴ് സിനിമകളെ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ ഇവര്‍ മലയാള സിനിമകളെ ഇത്ര പ്രോത്സാഹിപ്പിക്കുന്നതെന്ന് എനിക്ക് അറിയില്ല” എന്നായിരുന്നു മേഘന പറഞ്ഞത്.
അരിമാപ്പട്ടി ശക്തിവേലിന്റെ സംവിധായകനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. മേഘനയുടെ പ്രതികരണത്തെ അപ്പോള്‍ തന്നെ സംവിധായകന്‍ തിരുത്തി രംഗത്തുവന്നു. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഇമോഷന്‍സ് കണക്ട് ആകുന്നുണ്ട് എന്നായിരുന്നു സംവിധായകന്‍ നടിയെ തിരുത്തി കൊണ്ട് പറഞ്ഞത്. സംവിധായകന് കാര്യം മനസിലായെന്നും ഇതുപോലെ മണ്ടത്തരം പറയുന്ന നടിമാരെ സിനിമയില്‍ നിന്നും പുറത്താക്കണം എന്നൊക്കെയുള്ള ട്രോളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മലയാളികള്‍ മാത്രമല്ല തമിഴ് യൂട്യൂബ് ചാനലുകളില്‍ അടക്കം നടിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
ഇതോടെ കേരളത്തില്‍ വിജയിച്ച തമിഴ് സിനിമകളുടെ കണക്കുമായാണ് മലയാളി പ്രേക്ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം വിജയ്യുടെ ‘ലിയോ’ ആണെങ്കിലും മറ്റ് നിരവധി തമിഴ് സിനിമകള്‍ ഇവിടെ ഹിറ്റ് അടിച്ചിട്ടുണ്ട്. 59.5 കോടി കളക്ഷന്‍ ആണ് ലിയോ കേരളത്തില്‍ നിന്നും നേടിയത്. തൊട്ടുപിന്നില്‍ രജനിയുടെ ‘ജയിലര്‍’ ആണ്. 57.1 കോടി രൂപയാണ് ചിത്രം കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം നേടിയത്. കമല്‍ ഹാസന്‍ ചിത്രം ‘വിക്രം’ 40.5 കോടി രൂപയാണ് നേടിയത്. പിന്നാലെ ‘പൊന്നിയിന്‍ സെല്‍വന്‍’, ‘ബിഗില്‍’, ‘2.0’, ‘ഐ’, ‘മെര്‍സല്‍’, ‘കബാലി’, ‘രാക്ഷസന്‍’, ‘പോര്‍തൊഴില്‍’, ‘കൈതി’ എന്നീ ചിത്രങ്ങളും കേരളത്തില്‍ നിന്നും വലിയ നേട്ടം കൊയ്തിട്ടുണ്ട്.
തമിഴില്‍ ലോ ബജറ്റ് സിനിമകളിലൂടെയാണ് മേഘന ശ്രദ്ധേയായകുന്നത്. 2017 റിലീസ് ചെയ്ത ‘ഉരുതിക്കോല്‍’ എന്ന ചിത്രത്തിലൂടെയാണ് മേഘന വെള്ളിത്തിരയില്‍ എത്തുന്നത്. ബൈരി, ഐപിസി 376 തുടങ്ങിയ സിനിമകളിലും നടി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം, തമിഴ്‌നാട്ടില്‍ 25 കോടി കലക്ഷനും മറികടന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നേറുകയാണ്. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം 200 കോടിയിലേക്ക് കുതിക്കുകയാണ് ഇപ്പോള്‍.